ദില്ലി: രാഹുൽ ​ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റില്‍ 'ട്യൂബ് ലൈറ്റ്' എന്ന് പരിഹസിച്ചതിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. മോദിയെ സീറോ ബൾബെന്ന് വിശേഷിപ്പിച്ചാണ് ഖാർ​ഗെ രം​ഗത്തെത്തിയത്.

“ട്യൂബ് ലൈറ്റ് തെളിയാന്‍ കുറച്ച് സമയമെടുക്കുമെങ്കിലും നല്ല വെളിച്ചമാണ് നല്‍കുക. എന്നാൽ, സീറോ ബൾബ്  വേഗത്തിൽ തെളിഞ്ഞാലും നല്ല വെളിച്ചം നൽകില്ല. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ, മോദി ഒരു സീറോ ബൾബാണെന്ന് പറയുമായിരുന്നു. സീറോ ബൾബിനെക്കാൾ ട്യൂബ് ലൈറ്റ് വളരെ മികച്ചതാണ്. പക്ഷേ ഞാൻ പാര്‍ലമെന്റില്‍ ഇല്ലാതെ പോയി“- മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് മോദി ശ്രമിക്കുന്നത്. 45 വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന തോതിലാണ് രാജ്യത്തെ തൊഴിലില്ലായ്മ. കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും കര്‍ഷകരുടെ വരുമാനം കൂട്ടുമെന്നും വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താന്‍ പ്രധാനമന്ത്രിയായിട്ടില്ലെന്ന തരത്തിലാണ് മോദി ഇപ്പോള്‍ സംസാരിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു.

വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി അദ്ദേഹത്തെ പരിഹസിച്ചത്. 'ഞാന്‍ 30 - 40 മിനിറ്റ് സംസാരിച്ചു. ചിലര്‍ അങ്ങനെയാണ് ട്യൂബ് ലൈറ്റുപോലെ കത്താന്‍ വൈകും' എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ഇതിന് പിന്നാലെ രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. ഒരു പ്രധാനമന്ത്രിക്ക് ചേരുന്ന വിധത്തിലല്ല നരേന്ദ്ര മോദി പെരുമാറുന്നതെന്നായിരുന്നു രാഹുൽ കുറ്റപ്പെടുത്തിയത്.