നേതൃസ്ഥാനം തനിക്ക് വിഷയമല്ലെന്ന് പറയുമ്പോഴും മമത സോണിയ ശരദ് പവാര്‍ അച്ചുതണ്ടില്‍ സഖ്യം രൂപപ്പെടാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. 

ദില്ലി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സഖ്യ ചർച്ചകൾ ഇന്നും ദില്ലിയിൽ തുടരും. ഡിഎംകെ എംപി കനിമൊഴിയുമായി മമത ഇന്ന് ചർച്ച നടത്തും. മറ്റ് പ്രാദേശിക പാർട്ടി നേതാക്കളെയും കാണും. ജാവേദ് അക്തർ, ശബാന ആസ്മി എന്നിവരുമായും മമത കൂടിക്കാഴ്ച നടത്തും. ഇന്നലെ സോണിയ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സഖ്യ ചർച്ചകൾ തുടരാൻ ധാരണയായിരുന്നു. 

ദേശീയപാതാ വികസനമടക്കമുള്ള സംസ്ഥാനത്തെ ഗതാഗത വിഷയങ്ങളിൽ ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയേയും മമത ഇന്ന് കാണുന്നുണ്ട്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് മമത ബാനർജിയുടെ നീക്കങ്ങൾ. സോണിയാ ഗാന്ധിയുടെ വസതിയില്‍ മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ഐക്യം രൂപപ്പെടേണ്ടതിന്‍റെ ആവശ്യകത മമത വിശദീകരിച്ചു. ഒന്നിച്ച് നീങ്ങാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത രാഹുല്‍ഗാന്ധിയും നിലപാടറിയിച്ചു.

ദേശീയ തലത്തില്‍ സഖ്യം രൂപപ്പെടുന്നതിനൊപ്പം പ്രാദേശിക സഖ്യങ്ങളിലൂടെ കരുത്ത് നേടാന്‍ കൂടിയാണ് തീരുമാനം. ഒറ്റക്ക് തനിക്ക് ഒന്നും ചെയ്യാനാവില്ലെന്നും ബിജെപിയെ അധികാരത്തില്‍ നിന്നകറ്റാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വൈകാതെ ഒന്നിക്കുമെന്നുമായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മമതയുടെ പ്രതികരണം.

സഖ്യത്തിന് പിന്തുണ തേടി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും മമത കഴിഞ്ഞ ദിവസം കണ്ടിരുന്നു. നേതൃസ്ഥാനം തനിക്ക് വിഷയമല്ലെന്ന് പറയുമ്പോഴും മമത സോണിയ ശരദ് പവാര്‍ അച്ചുതണ്ടില്‍ സഖ്യം രൂപപ്പെടാനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona