സംസ്ഥാനങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെന്തിന് യോഗം വിളിച്ചു. സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ എല്ലാ മുഖ്യമന്ത്രിമാരും പ്രതിഷേധിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. 

ദില്ലി: കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മുഖ്യമന്ത്രിമാരെ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും പാവകളായി തരംതാഴ്ത്തിയെന്നും മമതാ ബാനര്‍ജി പറഞ്ഞു.

സംസ്ഥാനങ്ങളെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പിന്നെന്തിന് യോഗം വിളിച്ചു. സംസാരിക്കാന്‍ അനുവദിക്കാത്തതില്‍ എല്ലാ മുഖ്യമന്ത്രിമാരും പ്രതിഷേധിക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. പ്രധാനമന്ത്രി വിളിച്ച യോഗം വലിയ പരാജയമാണെന്നും മമത വിമര്‍ശിച്ചു. കൊവിഡ് കേസുകള്‍ കുറയ്ക്കാന്‍ സാധിച്ചെന്ന് പ്രധാനമന്ത്രി പറയുന്നു. പിന്നെ എങ്ങനെയാണ് ഇത്രയും മരണങ്ങള്‍ ഇപ്പോഴും ഉണ്ടാകുന്നതെന്നും അവര്‍ ചോദിച്ചു. നേരത്തെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. 

ഇന്ന് ബംഗാള്‍ അടക്കം 10 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വെര്‍ച്വല്‍ ആയി യോഗം ചേര്‍ന്നത്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് യോഗം. ചില സംസ്ഥാനങ്ങളുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona