കൊല്‍ക്കത്ത: മധുര പലഹാരക്കടകള്‍ക്ക് ദിവസം നാലുമണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. ലോക്ക് ഡൌണ്‍ കാലത്ത് ബേക്കറി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന മധുര പലഹാരക്കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുന്ന ആദ്യ സര്‍ക്കാരാണ് മമത ബാനര്‍ജിയുടേത്. അവശ്യ വസ്തുക്കളുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല മധുരപലഹാരം. 

ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 4 മണി വരെ പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇളവ് അനുവദിച്ച് പ്രവര്‍ത്തിക്കുന്ന കടകളില്‍ പാര്‍സല്‍ സംവിധാന പ്രകാരമാണ് കച്ചവടം നടത്താന്‍ സാധിക്കുക. കടയിലിരുന്ന് കഴിക്കാനുള്ള അനുമതി കര്‍ശനമായി വിലക്കിക്കൊണ്ടാണ് ഇളവ് നല്‍കിയിട്ടുള്ളത്. മധുര പലഹാരക്കടകളെ ആശ്രയിച്ച് ജീവിക്കുന്ന നിരവധിപ്പേരുടെ ആവശ്യത്തെ തുടര്‍ന്നാണ് തീരുമാനം. 

ബംഗാളികള്‍ കഴിക്കുന്ന 65 ശതമാനം മധുരപലഹാരങ്ങളും പാലില്‍ നിര്‍മ്മിക്കുന്നവയാണ്. ഈ കടകളുടെ പ്രവര്‍ത്തനം നിലച്ചാല്‍ 20മുതല്‍ 60 ലക്ഷം ലിറ്റര്‍ പാല്‍  പാഴായി പോവുന്ന അവസ്ഥയുണ്ട്. ചെറുകിട മധുര പലഹാര വ്യവസായികളും ക്ഷീര കര്‍ഷകരേയും കണക്കിലെടുത്താണ് സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. വലിയ രീതിയില്‍ മധുര പലഹാരം നിര്‍മ്മിക്കുന്ന കച്ചവടക്കാര്‍ക്ക് വിലക്ക് നീക്കിയത് അത്രകണ്ട് ഗുണകരമാകില്ലെങ്കിലും സംസ്ഥാനത്തെ ഒരു ലക്ഷത്തോളം വരുന്ന ചെറുകിട മധുര പലഹാര നിര്‍മാണ യൂണിറ്റുകള്‍ക്ക് മമതാ ബാനര്‍ജിയുടെ ഈ തീരുമാനം സഹായകരമാകുമെന്നാണ് നിരീക്ഷണം.