കൊല്‍ക്കത്ത: സംഗീത പരിപാടിയില്‍ നൃത്തം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നാടന്‍ കലാകാര്‍ക്കൊപ്പമാണ് മമതാ ബാനര്‍ജി നൃത്തച്ചുവടുകള്‍ വെച്ചത്. ശാന്താള്‍ നര്‍ത്തകന്‍ ബസന്തി ഹേംബ്രമിനെ അനുമോദിക്കുന്ന ചടങ്ങിലാണ് മമതയും പങ്കെടുത്തത്. പരിപാടിയില്‍ നിരവധി കലാകാരന്മാര്‍ പങ്കെടുത്തു. പരിപാടിയില്‍ കലാകാരന്മാര്‍ മമതെയ നൃത്തം ചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നീട് ഒപ്പം കൂടി. ബിജെപിയുടെ വെല്ലുവിളി തന്നെ ബാധിക്കുന്നില്ലെന്ന് വിളിച്ചോതുന്ന തരത്തിലായിരുന്നു മമതയുടെ നൃത്തം. നാല് മാസം കഴിഞ്ഞാല്‍ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ബംഗാള്‍ ഒരിക്കലും ഗുജറാത്താകില്ലെന്ന് ചടങ്ങില്‍ മമത പറഞ്ഞു. ബംഗാളിന്റെ ഐക്യത്തിന് വേണ്ടി മമത ആഹ്വാനം ചെയ്തു. ബംഗാളില്‍ ഗുജറാത്ത് മോഡല്‍ വികസനം നടപ്പാക്കുമെന്ന് ബിജെപി ആവര്‍ത്തിക്കുന്നതിനിടെയാണ് മമതയുടെ പ്രസംഗം.

'ദേശീയ ഗാനവും ജയ് ഹിന്ദ് മുദ്രാവാക്യവും ലോകത്തിന് നല്‍കിയത് ബംഗാളാണെന്നും മമത പറഞ്ഞു. ലോക പ്രശസ്തമായ ജയ് ഹിന്ദ് മുദ്രാവാക്യം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സംഭാവനയാണ്. വന്ദേ മാതരം എന്ന ഗാനം ബങ്കിംഗ് ചന്ദ്ര ചാറ്റര്‍ജിയും ദേശീയ ഗാനം രബീന്ദ്ര നാഥ ടാഗോറിന്റെയും രാജ്യത്തിനുള്ള സംഭാവനയാണ്. ഇവരെല്ലാം ബംഗാളിന്റെ മണ്ണില്‍ നിന്നുള്ളവരാണ്. എന്നാല്‍ ചിലര്‍ ബംഗാളിനെ അപമാനിക്കാന്‍ ശ്രമിക്കുകയാണ്. ബംഗാളിന്റെ ഐക്യത്തിനായി നമുക്ക് നിലകൊള്ളാം. ഒരു ദിനം ലോകം ബംഗാളിനെ ആദരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാജ്യത്തിന് ലഭിച്ച നൊബേല്‍ സമ്മാനമെല്ലാം മണ്ണില്‍ നിന്നാണ്. ബംഗാളിനെ ഗുജറാത്താകാന്‍ ഒരിക്കിലും അനുവദിക്കില്ല'- മമതാ ബാനര്‍ജി പറഞ്ഞു.