സഖ്യം എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മമത പറഞ്ഞു. 

കൊൽക്കത്ത: പ്രതിപക്ഷം ഒറ്റക്കെട്ടാണെന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ പാർട്ടികൾക്കിടയിൽ ഈ​ഗോ ഉണ്ടാകില്ലെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത. 

2024 ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടുമെന്ന് മമത ബാനർജി പറഞ്ഞു. പാര്‍ട്ടികള്‍ തമ്മില്‍ ഈഗോയില്ലെന്നും കൂട്ടായി പ്രവർത്തിക്കുമെന്നും മമത പറഞ്ഞു. നിതീഷ് കുമാറുമായുള്ള പ്രതിപക്ഷ ഐക്യ ചർച്ചകള്‍ക്ക് ശേഷമാണ് ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. ബിഹാറില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗം വിളിച്ച് ചേർത്ത് അടുത്തഘട്ടത്തെ കുറിച്ച് ആലോചിക്കണമെന്ന് ചർച്ചയില്‍ മമത ആവശ്യപ്പെട്ടു.

ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവും നിതീഷ് കുമാറിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വൈകിട്ട് സമാജ്‍വാദി പാര്‍ട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെയും നിതീഷ് കുമാർ കാണും. പ്രതിപക്ഷ കൂട്ടായ്മ രൂപീകരിക്കുന്നതിന്‍റെ ഭാഗമായി കോണ്‍ഗ്രസുമായി അടുപ്പമില്ലാത്ത പാർട്ടികളുമായി ച‍ർച്ച നടത്താൻ രാഹുല്‍ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പങ്കെടുത്ത യോഗത്തില്‍ നിതീഷ് കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു.

Asianet News Malayalam Live News | ഏഷ്യാനെറ്റ് ന്യൂസ് | Malayalam Live News | Kerala Live TV News