രാജ്യത്തിന് പ്രായോഗികമായ ഒരേയൊരു മാര്‍ഗം തങ്ങളാണെന്നാണ് കോണ്‍ഗ്രസ് മമതാ ബാനര്‍ജിക്ക് മറുപടി നല്‍കുന്നത്. മുംബൈയില്‍ ഒരു പരിപാടിക്കിടെയായിരുന്നു രാഹുലിനെതിരായ മമതയുടെ പരാമര്‍ശം

രാഹുല്‍ ഗാന്ധിക്കെതിരായ (Rahul Gandhi) പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ (Mamata Banerjee) പരിഹാസത്തിന് മറുപടിയുമായി കോണ്‍ഗ്രസ് (Congress). ഭൂരിഭാഗം സമയത്തും നിങ്ങള്‍ക്ക് വിദേശത്ത് ആയിരിക്കാന്‍ സാധിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനമായി മമത ബാനര്‍ജി പറഞ്ഞത്. ബിജെപിക്കെതിരെ ഒന്നിച്ച് പോരടിക്കണമെന്ന് പറയുമ്പോഴും കോണ്‍ഗ്രസിനെതിരെ മമതാ ബാനര്‍ജി നടത്തിയ പരാമര്‍ശത്തിന് കോണ്‍ഗ്രസ് നേതൃത്വം മറുപടി നല്‍കിയിട്ടുണ്ട്.

രാജ്യത്തിന് പ്രായോഗികമായ ഒരേയൊരു മാര്‍ഗം തങ്ങളാണെന്നാണ് കോണ്‍ഗ്രസ് മമതാ ബാനര്‍ജിക്ക് മറുപടി നല്‍കുന്നത്. മുംബൈയില്‍ ഒരു പരിപാടിക്കിടെയായിരുന്നു രാഹുലിനെതിരായ മമതയുടെ പരാമര്‍ശം. പ്രതിപക്ഷത്തിന് ഒരു ദിശാബോധം നല്‍കുന്നതിന് സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണമെന്ന് മമത കോണ്‍ഗ്രസിന് നിര്‍ദ്ദേശം നല്‍കിയതായും എന്നാലും അത് നിരര്‍ത്ഥകമായെന്നാണ് നിലവില്‍ മുംബൈയിലുള്ള മമതാ ബാനര്‍ജി പറയുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ കുറ്റം പറഞ്ഞുകൊണ്ട് ബിജെപിക്കെതിരെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള മമതയുടെ ശ്രമം വിലപ്പോവില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിക്കുന്നു.

കേന്ദ്രത്തിന്‍റെ അടിച്ചമര്‍ത്തലിനും ബിജെപി നയങ്ങള്‍ക്കുമെതിരെ കോണ്‍ഗ്രസ് നടത്തുന്ന പോരാട്ടത്തേക്കുറിച്ച് രാജ്യത്തെ ജനങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബാലാസാഹബ് തോറത്ത് പറഞ്ഞു. ഇത്തരത്തിലെ പ്രസ്താവനകള്‍ ബിജെപിക്ക് മാത്രമാണ് ഗുണം ചെയ്യുകയെന്നും മഹാരാഷ്ട്ര മന്ത്രി കൂടിയായ ബാലാസാഹബ് തോറത്ത് വിലയിരുത്തി. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാന്‍ ആകെ പ്രായോഗികമായ മാര്‍ഗം കോണ്‍ഗ്രസാണ്. അതിനാല്‍ തന്നെ രാഹുല്‍ ഗാന്ധിയെ പ്രത്യക്ഷമായോ പരോക്ഷമായോ കുറ്റം പറഞ്ഞ് ആര്‍ക്കും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ സാധിക്കില്ല.

ബുധനാഴ്ച മമതാ ബാനര്‍ജി എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുപിഎ ഇപ്പോഴില്ലെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം മമത പ്രതികരിച്ചത്. എന്നാല്‍ മമതയുമായുള്ള ചര്‍ച്ച ഉപകാരപ്രദമെന്ന തലത്തിലായിരുന്നു ശരദ് പവാര്‍ പ്രതികരിച്ചത്.