Asianet News MalayalamAsianet News Malayalam

രാഷ്ട്രീയ പകപോക്കൽ അവസാനിപ്പിക്കണം, ഭരിക്കാൻ അനുവദിക്കണം,കാല് പിടിക്കാമെന്ന് മമത; മോദി-ദീദി പോരിൽ ട്വിസ്റ്റ്

സംസ്ഥാന സർക്കാരിനെ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല എന്നതാണ് നിലപാട് മാറ്റത്തിന് കാരണമെന്നും മമത വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നും മമത കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

mamata Banerjee wants political resentment to end  twist in the pm modi mamata conflict
Author
Kolkata, First Published May 29, 2021, 5:48 PM IST

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും തമ്മിലുള്ള പോരിൽ ട്വിസ്റ്റ്. കാല് പിടിക്കാൻ തയ്യാറാണെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ മമത. സംസ്ഥാന സർക്കാരിനെ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുവദിക്കുന്നില്ല എന്നതാണ് നിലപാട് മാറ്റത്തിന് കാരണമെന്നും മമത വ്യക്തമാക്കുന്നു. ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ തിരിച്ചുവിളിച്ച നടപടി റദ്ദാക്കണമെന്നും മമത കേന്ദ്രത്തോട് അഭ്യർത്ഥിച്ചു.

കേന്ദ്രസർക്കാർ തന്നെ അപമാനിക്കുകയാണെന്നും തന്റെ പ്രതിഛായ തകർക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചതിന് പിന്നാലെയാണ് മമതയുടെ ഈ കാല് പിടിക്കൽ പരാമർശം വന്നത്. പശ്ചിമബംഗാൾ ചീഫ് സെക്രട്ടറിയെ കേന്ദ്രസ‍ർവീസിലേക്ക് തിരികെ വിളിച്ച നടപടിയെച്ചൊല്ലി രാഷ്ട്രീയ പോര് രൂക്ഷമായിരുന്നു. ബിജെപിയുടെ തരംതാണ നടപടിയെന്നാണ് തീരുമാനത്തെ തൃണമൂൽ കോൺഗ്രസ് വിമർശിച്ചത്. കേന്ദ്രത്തിന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുള്ള നടപടിയാണെന്നായിരുന്നു ബിജെപി വാദം. മറ്റന്നാള്‍ വിരമിക്കേണ്ട ചീഫ് സെക്രട്ടറി  ആലാപന്‍ ബന്ധോപാധ്യയയുടെ   കാലാവധി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ നാല് മാസത്തേക്ക് നീട്ടി നല്‍കിയിരുന്നു.

ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ യാസ് ചുഴലിക്കാറ്റ് അവലോകന യോഗത്തിൽ നിന്ന് മുഖ്യമന്ത്രി മമതാ ബാനർജിയും ചീഫ് സെക്രട്ടറിയും വിട്ടു നിന്നതിൽ കേന്ദ്രം അതൃപ്തി അറിയിച്ചിരുന്നു. പിന്നാലെയാണ് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ധോപാധ്യയെ  കേന്ദ്രസര്‍വീസിലേക്ക് തിരികെ വിളിച്ചത്. അഖിലേന്ത്യ സിവില്‍ സര്‍വീസ് ചട്ടം ആറ് ഒന്ന് പ്രകാരമാണ് മന്ത്രാലയതീരുമാനം. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ നിയമനതര്‍ക്കങ്ങളില്‍ കേന്ദ്രത്തിന്റെ അധികാരം വ്യക്തമാക്കുന്നതാണ് ചട്ടം ആറ് ഒന്ന്.പേഴ്സണൽ ട്രെയിനിങ് വിഭാഗത്തിലേക്കാണ് മാറ്റം.

മോദിയുടെയും അമിത്ഷായുടെയും  ബിജെപിക്ക് ഇതിനേക്കാൾ തരംതാഴാൻ കഴിയുമോ എന്നും സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഇത്തരമൊരു നടപടി ഉണ്ടായിട്ടുണ്ടോ എന്നും തൃണമൂൽ കോൺഗ്രസ് നേതാക്കൾ ചോദിച്ചിരുന്നു. നേരത്തെ  മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്രം തിരിച്ചുവിളിച്ചെങ്കിലും ഇവരെ വിട്ടുനൽകാൻ സംസ്ഥാനസർക്കാർ തയ്യാറായിരുന്നില്ല. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ട സംഭവത്തിലാണ്  ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിളിച്ചത്. ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios