ബാബറി മസ്ജിദ് മാതൃകയിൽ പള്ളി നിർമ്മിക്കാനുള്ള നിർദ്ദേശത്തെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ എംഎൽഎ ഹുമയൂൺ കബീർ, മമതാ ബാനർജിയെ വീണ്ടും അധികാരത്തിലെത്താൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചു. സ്വന്തമായി പാർട്ടി രൂപീകരിക്കും

ദില്ലി : പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയെ നാലാം തവണയും അധികാരത്തിൽ തിരിച്ചെത്തിക്കാൻ അനുവദിക്കില്ലെന്ന് മുർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിൽ മുസ്ലിം പള്ളി നിർമ്മിക്കാനുള്ള നിർദ്ദേശത്തിന് പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട തൃണമൂൽ കോൺഗ്രസ്സ് എം.എൽ.എ. ഹുമയൂൺ കബീർ. തൃണമൂലിന്റെ മുസ്ലീം വോട്ട് ബാങ്ക് അവസാനിക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. മൂർഷിദാബാദിൽ ബാബറി മസ്ജിദിന്റെ മാതൃകയിലുള്ള പള്ളിക്ക് തറക്കല്ലിട്ടതിന് പിന്നാലെയാണ് പ്രഖ്യാപനം. സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നും ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിന് ശ്രമിക്കുമെന്നും കബീർ പറഞ്ഞു.

അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ ബംഗാളിലെ 294 സീറ്റുകളിൽ 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തുമെന്നും സംസ്ഥാന രാഷ്ട്രീയത്തിലെ ഗെയിം ചേഞ്ചർ ആയി മാറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. മുസ്ലീം വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഒരു പുതിയ പാർട്ടി രൂപീകരിക്കും. 135 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തും. ബംഗാൾ തിരഞ്ഞെടുപ്പിൽ ഗെയിം ചേഞ്ചറായി മാറും. എ.ഐ.എം.ഐ.എം.മായി ചേർന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഒവൈസിയുമായി സംസാരിച്ചുവെന്നും ഹുമയൂൺ കബീർ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു.

ബംഗാളിൽ ബി.ജെ.പിയെയും അധികാരത്തിലെത്തിക്കില്ല. തൃണമൂലിന് അടുത്ത സർക്കാർ രൂപീകരിക്കാൻ കഴിയില്ല. ഇന്ത്യയിലുടനീളമുള്ള പല വ്യവസായ സ്ഥാപനങ്ങളും ബംഗാളിൽ ബാബറി നിർമ്മിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ മുസ്ലീം വിഭാഗങ്ങളിൽ ധാരാളം ഫണ്ടുകളുണ്ട്. അവർ ഫണ്ടുകൾ തരുമെന്നും ഹുമയൂൺ കബീർ പറയുന്നു.

 തൃണമൂൽ സസ്പെൻഡ് ചെയ്ത എംഎൽഎ 

ടിഎംസി മതേതരത്തിൽ വിശ്വസിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കബീറിനെ തൃണമൂൽ സസ്പെൻഡ് ചെയ്തത്. അതേസമയം, മസ്ജിദ് നിർമ്മാണ ശ്രമം വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി. ആരോപിച്ചു. 2021-ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വലിയ ശക്തിയായി ഉയർന്നുവന്ന ബി.ജെ.പിയുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന മമതാ ബാനർജിയുടെ പാർട്ടിക്ക് മുസ്ലീങ്ങൾ ഒരു പ്രധാന വോട്ട് ബാങ്കാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും, 2021-ലെ തിരഞ്ഞെടുപ്പിൽ തൃണമൂൽ വിജയിച്ചിരുന്നു.