യഥാർത്ഥ രാമ സ്തുതിയെ വികലമാക്കി പുതിയ മുദ്രാവാക്യം ഉണ്ടാക്കിയെടുക്കുകയാണ് ബിജെപി ചെയ്തതെന്ന് മമത കുറ്റപ്പെടുത്തി.
കൊൽക്കത്ത: ബിജെപിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. യഥാർത്ഥ രാമ സ്തുതിയായ ജയ് സിയാ റാമിൽ നിന്നും സീതയെ ബിജെപി ഒഴിവാക്കിയെന്ന് മമത കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റിൽ വച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മമത.
ബിജെപി പറയുന്നതാണ് ജനങ്ങൾ എഴുതുന്നത്. ഉത്തർപ്രദേശിൽ ജയ് സിയാ റാം എന്നാണ് ഉപയോഗിക്കുന്നത്. രാമനെയും സീതയെയും ഒരു പോലെ സ്തുതുക്കുകയാണ് ഇതിലൂടെ അവർ ചെയ്യുന്നത്. ഗാന്ധിജി രഘുപതി രാഘവ രാജാ റാം... പതീത പാവന സീതാ റാം എന്നാണ് ഉപയോഗിച്ചത്. എന്നാൽ യഥാർത്ഥ രാമ സ്തുതിയെ വികലമാക്കി പുതിയ മുദ്രാവാക്യം ഉണ്ടാക്കിയെടുക്കുകയാണ് ബിജെപി ചെയ്തതെന്ന് മമത കുറ്റപ്പെടുത്തി.
ജനങ്ങൾ ബിജെപിയുടെ താളത്തിനൊത്ത് നൃത്തം ചവിട്ടുകയാണ്. എന്നാൽ ഞാൻ അത് ചെയ്യില്ല. പുരാണങ്ങൾ,വേദങ്ങൾ, ബൈബിൽ തുടങ്ങിയ ആത്മീയ ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ചാലും ഒരിക്കലും ബിജെപിയുടെ മുദ്രാവാക്യം ഉപയോഗിക്കില്ലെന്നും മമത ബാനർജി പറഞ്ഞു.
ബിജെപി മതത്തെ രാഷ്ട്രീയവുമായി കൂട്ടികുഴയ്ക്കുന്നെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ മമതക്കെതിരെ ജയ് ശ്രീ റാം വിളിച്ചതും മമത പ്രവര്‍ത്തകരോട് തട്ടിക്കയറിയതും വിവാദമായതോടെയായിരുന്നു മമതയുടെ പ്രതികരണം. വെറുപ്പും അക്രമവും ബോധപൂര്‍വ്വം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമമാണിതെന്ന് പറഞ്ഞ മമത അക്രമവും കുഴപ്പങ്ങളും സൃഷ്ടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഓര്‍മ്മിപ്പിച്ചിരുന്നു.
അതേസമയം ജയ് ശ്രീ റാം വിളിച്ച ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ച മമത ബാനര്‍ജിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ജയ ശ്രീ റാം എന്നെഴുതിയ പത്ത് ലക്ഷം പോസ്റ്റ് കാര്‍ഡുകള്‍ അയക്കുമെന്ന് ബിജെപി എംപി അർജുൻ സിംഗ് പറഞ്ഞിരുന്നു.
