കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമാകെ പ്രതിഷേധക്കാറ്റ് അലയടിക്കുമ്പോള്‍ ഹിതപരിശോധന ആവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഹിതപരിശോധനയില്‍ പരാജയപ്പെടുകയാണെങ്കില്‍ മോദി സർക്കാർ രാജിവച്ചൊഴിയണമെന്നും മമത പറഞ്ഞു. ഐക്യരാഷ്ട്രസഭ അല്ലെങ്കിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ പോലുള്ള നിഷ്പക്ഷ സംഘടന വേണം ഹിതപരിശോധന നടത്താന്‍. അപ്പോള്‍ എത്രപേര്‍ ഈ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് മനസിലാക്കാമെന്നും മമത കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പൗരത്വബില്ലിനെതിരെ നടക്കുന്ന പ്രതിഷേധ സംഭവങ്ങളിൽ അക്രമം വ്യാപിപ്പിക്കാൻ ശ്രമിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി മമത രംഗത്ത് വന്നിരുന്നു. ''രാജ്യം മുഴുവനും കത്തുന്ന അവസ്ഥയിലാണ്. അപ്പോഴാണ് അവർ വസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നത്. ഞാൻ ആരാണെന്ന് എന്റെ വസ്ത്രം നോക്കി തീരുമാനിക്കാൻ അവർക്ക് സാധിക്കുമോ?'' മമത ബാനർജി രോഷത്തോടെ ചോദിച്ചു.

 അതേസമയം, മമത ബാനര്‍ജിയുടെ റാലികൾ സത്യപ്രതിജ്ഞ ലംഘനമെന്ന് പശ്ചിമബംഗാൾ ഗവര്‍ണര്‍ ജഗദീപ് ധന്‍ഗാര്‍ അഭിപ്രായപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നയിക്കുന്ന പ്രതിഷേധ റാലികൾ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായികൂടി മാറുകയാണ്. ഗവര്‍ണറെ തള്ളി ഹൗറ മൈതാനിയിൽ നിന്ന് ധര്‍മലത വരെ ഇന്നും മമതയുടെ കൂറ്റൻ റാലി നടന്നു. രാജ്യത്തെ സര്‍വ്വനാശത്തിലേക്ക് കൊണ്ടുപോവുകയാണ് പ്രധാനമന്ത്രിയെന്നായിരുന്നു മമതയുടെ ആരോപണം.

ഭരണഘടനയുടെ അടിസ്ഥാനത്തിൽ നിര്‍മ്മിക്കപ്പെട്ട ഒരു നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ഭരണഘടന വിരുദ്ധമാണെന്നാണ് ഗവര്‍ണറുടെ വാദം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയുംവിളിച്ചുവരുത്തിയ ഗവര്‍ണര്‍ മൂര്‍ഷിദാബാദ്, മാൾഡ മേഖലകളിൽ നടക്കുന്ന സംഘര്‍ഷങ്ങളിൽ ആശങ്കയും അറിയിച്ചു.