പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ബിജെപിയെയും ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തനിച്ച് നേരിടുമെന്നും മമത പറഞ്ഞു. 

കൊൽക്കത്ത: പശ്ചിമബംഗാളിൽ ബിജെപിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ബിജെപി എത്ര ഗോളടിക്കുമെന്ന് കാത്തിരുന്ന് കാണാം. പശ്ചിമബംഗാളിൽ കലാപം ഉണ്ടാക്കാൻ ബിജെപിയെ അനുവദിക്കില്ല. ബിജെപിയെയും ഇടതുപക്ഷത്തെയും കോൺഗ്രസിനെയും തനിച്ച് നേരിടുമെന്നും മമത പറഞ്ഞു. ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അവസാനിക്കും മുമ്പ് മമതാ ബാനര്‍ജി ജയ് ശ്രീറാം വിളിച്ചിരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മമതയുടെ പ്രഖ്യാപനം.

ഇന്ത്യയിലല്ലെങ്കില്‍ പാകിസ്ഥാനിലാണോ ജയ് ശ്രീറാം മന്ത്രം മുഴങ്ങേണ്ടതെന്നാണ് ബം​ഗാളിൽ ബിജെപിയുടെ പരിവര്‍ത്തന്‍ യാത്ര ഉദ്ഘാടനം ചെയ്ത് അമിത് ഷാ ചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയും മമതാ ബാനര്‍ജിയുടെ ഉന്മൂലന മാതൃകയും തമ്മിലായിരിക്കും പോരാട്ടമെന്നും അമിത് ഷാ പറഞ്ഞു. അക്രമ ഭരണം അവസാനിപ്പിച്ച് ബംഗാളില്‍ വികസന മുന്നേറ്റം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തെ തടയാന്‍ ആര്‍ക്കും കഴിയില്ല. ജയ് ശ്രീ റാം വിളിക്കുന്നത് ബംഗാളില്‍ എന്തുകൊണ്ടാണ് കുറ്റകരമാകുന്നതെന്നും അമിത് ഷാ ചോദിച്ചു.

ജനുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം വിളി ഉയര്‍ന്നതില്‍ മമത പരസ്യമായി നീരസം പ്രകടിപ്പിക്കുകയും പ്രസംഗിക്കാതെ മടങ്ങുകയും ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലും മമത പങ്കെടുത്തിരുന്നില്ല.