ദില്ലി: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആക്രമിക്കപ്പെട്ട സംഭവത്തിൽ പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാന‍‍ർജിയും കേന്ദ്രസർക്കാരും തമ്മിൽ പോര് മുറുകുന്നു.  മമതാ ബാനര്‍ജിയെ കടന്നാക്രമിച്ച് ഗവര്‍ണര്‍ ജഗ്ദീപ് ധാന്‍ങ്കർ രംഗത്തെത്തി.സംഭവത്തിൽ  സംസ്ഥാന ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു വരുത്തും. ഇതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബംഗാളിലെത്തും. 

പശ്ചിമ ബംഗാൾ രാഷ്ട്രീയം വീണ്ടും കലങ്ങിമറിയുകയാണ്. ജെ പി നദ്ദയുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമത്തിന് പിന്നാലെ സർക്കാരിനെതിരെ നിലപാട് കടുപ്പിക്കുകയാണ് ബിജെപി. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായി തകർന്നെന്ന് ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി. പൊലീസ് നിഷ്ക്രിയമാണെന്നും  റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. മമത ബാനര്‍ജി ഭരണഘടനാവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും മനുഷ്യാവകാശങ്ങള്‍ സംസ്ഥാനത്ത് നിരന്തരം ലംഘിക്കപ്പെടുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ബംഗാളിന്റെ സംസ്കാരത്തിന് നാണക്കേടാണ് ഇന്നലെ സംഭവിച്ചത്. ഭരണഘടന പാലിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ​ഗവർണർ പറഞ്ഞു. 

ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും തിങ്കളാഴ്ച്ച നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നി‍ർദ്ദേശം. സംഘര്‍ഷം തുടരവെ ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 19, 20 തീയ്യതികളില്‍ കൊല്‍ക്കത്തയിലെത്തും. എതാനും ആഴ്ച്ചകളായ തൃണമൂല്‍-ബിജെപി ഏറ്റുമുട്ടലില്‍ സംഘര്‍ഷഭരിതമാണ് സംസ്ഥാനം. അതിനിടെ, മമതാ ബാനർജിക്കെതിരെ ദില്ലിയിലും പ്രതിഷേധിക്കുകയാണ് ബിജെപി.  ദില്ലിയിലെ ബംഗാളി മാർക്കറ്റിൽ മമതയുടെ കോലം കത്തിക്കാനാണ് ബിജെപി പ്രവർത്തകരുടെ തീരുമാനം.