ത്രിപുര: പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചു ത്രിപുരയിലെ സിപാഹിജല ജില്ലയിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഇരുപത്തിയൊൻപതുകാരനായ മാതിൻ മിയയാണു ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഇന്ത്യ–ബംഗ്ലദേശ് അതിർത്തിയോടു ചേർന്നുള്ള ഗോരുർബന്ദിലൂടെ രണ്ടു പശുക്കളുമായി പോവുകയായിരുന്നു മാതിന്‍. തുടർന്ന് ഏതാനും പ്രദേശവാസികൾ സമീപിക്കുകയായിരുന്നെന്ന് സൊനമുറ സബ് ഡിവിഷനൽ പൊലീസ് ഓഫിസർ സൗവിക് ഡേ പറഞ്ഞു. 

മാതിനെ പിടികൂടി നാട്ടുകാരെ വിളിച്ചു കൂട്ടിയ സംഘം, പശുവിനെ മോഷ്ടിച്ചു കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് മാതിനെ അതിക്രൂരമായി മർദിച്ചു. തുടർന്ന് പൊലീസെത്തിയാണ് യുവാവിനെ മെലഘർ ആശുപത്രിയിലേക്കു മാറ്റിയത്. ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. അതേസമയം മാതിന്റെ കയ്യിലുണ്ടായിരുന്ന പശുക്കൾ തന്റെ വീട്ടിൽ നിന്നു മോഷ്ടിക്കപ്പെട്ടതാണെന്ന് തപൻ ഭൗമിക് എന്നയാളും പരാതി നൽകിയിട്ടുണ്ട്.സംഭവത്തില്‍ കേസെടുത്തതായി പൊലീസ് അറിയിച്ചു.