തിരുപ്പതി: വീട് സ്വന്തമാക്കാൻ പിതാവിനെ ക്രൂരമായി മർദ്ദിച്ച് മകനും മരുമകളും. തിരുപ്പതിയിലാണ് കൊടും ക്രൂരത നടന്നത്. മുനി കൃഷ്ണയ്യ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിൽ ദൃക്സാക്ഷികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൃഷ്ണയ്യയുടെ മൂത്ത മകന്‍ വിജയ് ഭാസ്കറും ഭാര്യയ്ക്കുമെതിരെ പൊലീസ് കേസെടുത്തു.

വർഷങ്ങളായി താൻ കൂട്ടി വച്ച പണവും കടം വാങ്ങിയുമാണ് മുനി വീടുവച്ചത്. വീടിന്‍റെ കടം വീട്ടാന്‍ കഴിയില്ലെന്നും തനിക്ക് അതില്‍ പങ്കില്ലെന്നും പറഞ്ഞശേഷം വിജയഭാസ്കര്‍ നേരത്തെ വീടുവിട്ടുപോയിരുന്നു.  അതിനുശേഷം കൃഷ്ണയ്യയും ഇളയമകനും ജോലിചെയ്ത് കടമെല്ലാം വീട്ടി. കടം തീർന്നുവെന്ന് മനസ്സിലാക്കിയ വിജയഭാസ്കറും ഭാര്യയും തിരികെ വരികയും തനിക്ക് വീട് വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 

ഇതേ ചൊല്ലി നിരന്തരം ശല്യമായതിൽ കുപിതനായി ഇളയമകന്‍ വീടുവിട്ടുപോയി. എന്നാല്‍ വീടുവിടാൻ കൂട്ടാക്കാതിരുന്ന കൃഷ്ണയ്യയെ വിജയഭാസ്കറും ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് മകനും ഭാര്യയും ചേര്‍ന്ന് കൃഷ്ണയ്യയെ വടി കൊണ്ട് മര്‍ദ്ദിച്ചത്. ഇതിന്റെ വീഡിയോ സമീപവാസികൾ ഫോണിൽ പകർത്തുകയും പൊലീസിൽ പരാതിപ്പെടുകയും ചെയ്തതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.