ദില്ലി: ആള്‍മാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച യുവാവ് ദില്ലി എയര്‍പോര്‍ട്ടില്‍ പിടിയില്‍. വൃദ്ധനായി വേഷംകെട്ടി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച ജയേഷ് പട്ടേല്‍ എന്ന യുവാവാണ് എയര്‍പോര്‍ട്ടില്‍ പിടിയിലായത്. ഇയാള്‍ അഹമ്മദാബാദ് സ്വദേശിയാണ്. 

മുടിയും താടിയും ഡൈ ചെയ്ത് പ്രായം തോന്നിപ്പിക്കുന്ന രീതിയിലാക്കി 81 വയസുള്ള അമരിക്ക് സിംഗ് എന്ന ആളായി വേഷം മാറിയാണ് ജയേഷ് എത്തിയത്. മുടിയും താടിയും നരച്ച നിലയിലായിരുന്നെങ്കിലും ഇയാളുടെ ത്വക്ക് യുവാക്കളുടേതിന് സമാനമായിരുന്നു. സുരക്ഷാ വിഭാഗത്തെ പറ്റിച്ച് ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 3വരെ എത്തിയെങ്കിലും സംശയം തോന്നിയ സുരക്ഷാ വിഭാഗം ഇയാളെ ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പ് പുറത്തായത്. 

ജോലി തേടി ന്യൂയോര്‍ക്കിലേക്ക് കടക്കാനുദ്ദേശിച്ചാണ് വേഷം മാറിയതെന്ന് ഇയാള്‍ പറഞ്ഞതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഭരത് എന്ന  ഏജന്‍റിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഇയാള്‍ ആള്‍മാറാട്ടം നടത്തി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചത്. ഇതിനായി 30 ലക്ഷം രൂപയാണ് ഭരതിന് വിസയ്ക്കും പാസ് പോര്‍ട്ടിനും വേണ്ടി നല്‍കിയത്. 

യുഎസില്‍ പോകാനും അവിടെ ജോലി ചെയ്യാനും ഇയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ പേരില്‍ ഇദ്ദേഹത്തിന് പാസ്പോര്‍ട്ടോ വിസയോ ലഭിക്കുമായിരുന്നില്ല. അതിനാലാണ് പണം നല്‍കിയ ഏജന്‍റ് മുഖേനെ ആള്‍ മാറാട്ടം നടത്തി വിദേശത്തേയ്ക്ക് കടക്കാന്‍ ശ്രമിച്ചതെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.