ദില്ലി: മെട്രോ ട്രെയിനിനുള്ളിൽവച്ച് യുവതിക്ക് മുന്നിൽ ജനനേന്ദ്രിയം പ്രദർശിപ്പിച്ച ഇരുപത്തിയെട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സിവിൽ എഞ്ചിനീയറായ അഭിലാഷ് കുമാർ എന്നായളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുൽത്താൻപൂർ സ്വദേശിയായ പ്രതിയെ പിഎസ് ​ഗീതോർണി എന്ന യുവതിയുടെ പരാതിയിൽ ശനിയാഴ്ചയാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

ട്വിറ്ററിലൂടെയാണ് താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച് ഗീതോർണി ലോകത്തെ അറിയിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി ​ഗുരു​ഗ്രാമിൽനിന്ന് ദില്ലിയിലേക്ക് തിരിച്ചുവരുന്നതിനിടെയായിരുന്നു യുവാവ് തനിക്കുനേരെ ജനനേന്ദ്രിയം പ്രദർശിപ്പിച്ചതെന്ന് ഗീതോർണി ട്വീറ്റിൽ വ്യക്തമാക്കി.  സംഭവം ശ്രദ്ധയിൽപ്പെട്ട ദില്ലി വനിതാ കമ്മീഷൻ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.

തുടർന്ന് ദില്ലി മെട്രോ റെയിൽ പൊലീസ് ഗീതോർണിയുടെ പരാതിയിൽ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ സെക്യൂരിറ്റി സെല്ലും ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ (എഎഫ്‌സി) ഗേറ്റ്സും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ (ഡിഎംആർസി) അറിയിച്ചു.

വളരെ വിദ​ഗ്ധമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ദില്ലി മെട്രോ റെയിൽ പൊലീസിന് പിടികൂടിയത്. പ്രതി തന്റെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് കോൺടാക്റ്റ് ലെസ് സ്മാർട്ട് കാർഡുകൾ (സി‌എസ്‌സി) ഓൺലൈൻ‌ വഴി റീചാർജ് ചെയ്തിരുന്നു. ഇതാണ് പൊലീസിന് പ്രതിയെ പിടികൂടാൻ സഹായകമായത്. ഹരിയാനയിലെ ​ഗുരു​ഗ്രാമിൽ നിന്നാണ് ദില്ലി മെട്രോ റെയിൽ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അവിവിവാഹിതനായ അഭിലാഷ് ഗുരു​ഗ്രാമിലെ ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഡിഎംആർസി ട്വിറ്ററിലൂടെ യാത്രക്കാരുമായി പങ്കുവച്ചിട്ടുണ്ട്. സംശയാസ്പദമായ എന്തെങ്കിലും പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ട്രെയിൻ ഓപ്പറേറ്റർമാരെ അറിയിക്കുകയോ അടിയന്തര അലാറം ബട്ടൺ ഉപയോഗിക്കുകയോ ചെയ്യണമെന്ന് ഡിഎംആർസി യാത്രക്കാർക്ക് നിർദ്ദേശം നൽകി.