പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ ഹരിയാനയിൽ ഇരുപത്തിയാറുകാരൻ പിടിയിലായി. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വിവരങ്ങൾ കൈമാറിയെന്നാണ് ആരോപണം. പ്രതിയെ ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ചണ്ഡീഗഡ്: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തിൽ ഹരിയാനയിൽ ഇരുപത്തിയാറുകാരൻ പൊലീസിന്‍റെ പിടിയിൽ. ദില്ലിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥന് വിവരങ്ങൾ കൈമാറിയെന്നാണ് വിവരം. 
പ്രതിയെ ആറു ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇതോടെ പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം പഞ്ചാബിലും ഹരിയാനയിലുമായി ചാരവൃത്തിക്ക് അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി

അർമാൻ എന്ന് തിരിച്ചറിഞ്ഞ യുവാവിനെ നൂഹ് ജില്ലയിലെ നാഗിന സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇന്ത്യൻ ആർമിയെയും മറ്റ് സൈനിക പ്രവർത്തനങ്ങളെയും കുറിച്ചുള്ള രഹസ്യ വിവരങ്ങൾ അർമാൻ ദില്ലിയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷനിലെ ഒരു ജീവനക്കാരനുമായി വാട്ട്‌സ്ആപ്പ് വഴിയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും പങ്കുവെച്ചിരുന്നു എന്നാണ് അധികൃതർ ആരോപിക്കുന്നത്.

നൂഹ് പൊലീസിലെ ഒരു വക്താവ് അറസ്റ്റ് സ്ഥിരീകരിക്കുകയും അർമാൻ രാജാക്ക ഗ്രാമത്തിലെ താമസക്കാരനാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കേസായതിനാൽ, ഈ ഘട്ടത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അര്‍മാന്‍റെ ഫോണും മറ്റ് തെളിവുകളും വിശകലനം ചെയ്യുകയാണ്.

അർമാന്റെ മൊബൈൽ ഫോണിൽ നടത്തിയ പരിശോധനയിൽ പാകിസ്ഥാനുമായി ബന്ധമുള്ള ഫോൺ നമ്പറുകളിലേക്ക് അയച്ച സംഭാഷണങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പ്രാദേശിക കോടതി അർമാനെ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾക്കും ഔദ്യോഗിക രഹസ്യ നിയമത്തിനും കീഴിൽ അര്‍മാനെതിരെ കേസെടുത്തിട്ടുണ്ട്.

എന്നാൽ, അർമാന്‍റെ കുടുംബാംഗങ്ങൾ ഈ ആരോപണങ്ങൾ എല്ലാം തള്ളി. പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസിന്‍റെ പക്കലുള്ള തെളിവുകൾ എന്താണെന്ന് അറിയില്ലെന്നും അര്‍മാന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു കുടുംബാംഗം ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പാകിസ്ഥാനിൽ ബന്ധുക്കളുണ്ട്. അവരുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. ഒരുപക്ഷേ അത് ആശയക്കുഴപ്പത്തിന് കാരണമായിരിക്കാം എന്നും കൂട്ടിച്ചേർത്തു.