Asianet News MalayalamAsianet News Malayalam

രണ്ട് മതത്തിൽപ്പെട്ടവരുടെ വിവാഹം തടഞ്ഞ് പൊലീസ്, അലി​ഗഡ് കോടതിയിൽ വച്ച് യുവാവിനെ അറസ്റ്റ് ചെയ്തു

ആളുകൾ നോക്കി നിൽക്കെ, ഇയാളെ കോടതി പരിസരത്തുനിന്ന് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 

Man Arrested on the Way to Marry Woman of Different Faith in Aligarh Court
Author
Aligarh, First Published Dec 5, 2020, 11:21 AM IST

അലി​ഗഡ്: മറ്റൊരു മതത്തിൽപ്പെട്ട സ്ത്രീയുമൊത്ത് വിവാഹത്തിനായി ചണ്ഡി​ഗഡിൽ നിന്ന് അലി​ഗഡിലെത്തിയ മുസ്ലീം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയെ തട്ടിക്കൊണ്ടുവന്നുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. സോനു മാലിക് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകൾ നോക്കി നിൽക്കെ, ഇയാളെ കോടതി പരിസരത്തുനിന്ന് പൊലീസ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചണ്ഡി​ഗഡിൽ ടൈലർ ആയി ജോലി ചെയ്യുന്ന സോനു പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. 

അതേസമയം ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ബറേലി സ്വദേശി ഒവൈസ് അഹമ്മദാണ് അറസ്റ്റിലായത്. ഹിന്ദു മതത്തിൽപ്പെട്ട പെൺകുട്ടിയെ മതം മാറ്റത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.

കഴിഞ്ഞ ദിവസമാണ് യുപിയിൽ ലൗ ജിഹാദിനെതിരായ ഓർഡിനൻസിന് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. ബലമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവർത്തനത്തിന് ഒന്ന് മുതൽ 5 വർഷം വരെ തടവും 15,000 രൂപ പിഴയും ചുമത്താവുന്നതാണ് നിയമം. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിലെ കുട്ടികളേയോ, സ്ത്രീകളേയോ മതപരിവർത്തനം നടത്തിയാൽ 3 മുതൽ 10 വരെ തടവും  25,000 രൂപ പിഴയും ചുമത്താമെന്നും നിയമത്തിൽ പറയുന്നു. 

അതിനിടെ ഹിന്ദു-മുസ്ലീം വിവാഹങ്ങളിൽ ലൗ ജിഹാദെന്ന് ആരോപണം ഉയരുന്നിതിടെ പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള അവകാശം മൗലിക അവകാശത്തിന്റെ ഭാഗമാണെന്ന് അലഹബാദ് ഹൈക്കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചു. മുസ്ലിം പുരുഷനെതിരെ ഭാര്യയുടെ മാതാപിതാക്കൾ നൽകിയ കേസ് തള്ളിക്കൊണ്ടാണ് കോടതിയുടെ വിധി. കാണ്‍പൂരിൽ ലൗജിഹാദെന്ന് ആരോപണം ഉയർന്ന പതിനാല് കേസുകളിൽ തെളിവുകൾ കണ്ടെത്താനായില്ലെന്നും പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് നൽകി.

Follow Us:
Download App:
  • android
  • ios