ദില്ലി: പശു ഇറച്ചി കടത്തിയെന്നാരോപിച്ച് യുവാവിനെ ഗോരക്ഷാ സംഘം ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ദില്ലിയിലെ ഗുഡ്ഗാവിലാണ് സംഭവം നടന്നത്. ക്രൂര മര്‍ദ്ദനമേറ്റ ലുക്കുമാനെന്ന യുവാവ് ചികിതസയിലാണ്. സംഭവത്തില്‍ പൊലീസ് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ഇറച്ചിയുമായി പിക്ക് അപ്പ് ട്രക്കില്‍ വന്ന യുവാവിനെയാണ് ഗോരക്ഷാ സേന ആക്രമിച്ചത്. സംഘം യുവാവിനെ  ചുറ്റിക കൊണ്ടും മാരകായുധങ്ങള്‍ ഉപയോഗിച്ചും മര്‍ദ്ദിച്ചവശനാക്കി.  വാനിലേത് ഗോമാംസം ആണ് എന്നാരോപിച്ചായിരുന്നു ലുക്ക്മാന് നേരെയുള്ള ആക്രമണം. വിവരമറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പ്രതികളെ തടയാതെ  വാനിലെ ഇറച്ചി പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കുക മാത്രമാണ് ചെയ്തത്.

പൊലീസടക്കം നിരവധി പേര്‍ തടിച്ചുകൂടിയെങ്കിലും യുവാവിനെ രക്ഷിക്കാന്‍ ആരും മുന്നോട്ട് വന്നില്ലെന്നും ആക്രമണത്തിന്  നേതൃത്വം നല്‍കിയ ഒരാളെപ്പോലും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായില്ലെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് എത്തിയിട്ടും ഗോരക്ഷാ സേന യുവാവിനെ മര്‍ദ്ദിച്ചു. വാനില്‍ തന്‍‌റെ ഗ്രാമത്തിലേക്ക് പോവാന്‍ ശ്രമിച്ച യുവാവിനെ അക്രമി സംഘം പിന്തുടര്‍ന്ന് മര്‍ദ്ദിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.