ലക്നൗ: യോ​ഗി ആദിത്യനാഥിനെതിരെ വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതായി പ്രയാ​ഗ്‍രാജ് പൊലീസ്. അതിഥി തൊഴിലാളിയെ സംബന്ധിച്ച ഫേസ്ബുക്കിൽ പോസ്റ്റിലെ കമന്റിൽ ആദിത്യനാഥിനോട് അനാദരവായി പെരുമാറിയെന്നാണ് കേസിന്റെ ഉള്ളടക്കം. ഐപിസി 124-എ (രാജ്യദ്രോഹം), 500 (അപകീർത്തിപ്പെടുത്തൽ), 188 (പൊതുസേവകനായ വ്യക്തി പ്രഖ്യാപിച്ച ഉത്തരവിനോട് അനുസരണക്കേട്), 66 (ഐടി നിയമം) എന്നീ വകുപ്പുകൾ പ്രകാരമാണ് അനൂപ് സിം​ഗ് എന്നയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 

പ്രയാ​ഗ്‍രാജ് സ്വദേശിയായ രാജേഷ് കുമാർ ശുക്ല എന്നയാളുടെ പോസ്റ്റിന് താഴെ യോ​ഗി ആദിത്യനാഥിനോട് അനാദരവ് കാണിക്കുന്ന വിധത്തിൽ അനൂപ് സിം​ഗ് അഭിപ്രായ പ്രകടനം നടത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്. 'എന്തുകൊണ്ടാണ് പ്രിയങ്ക ​ഗാന്ധി വധ്ര ഉത്തർപ്രദേശിലെ ബസുകൾ വാടകയ്ക്ക് എടുക്കാത്തത്, എന്ന് എനിക്ക് മനസ്സിലാകുന്നില്ല.' ഇതായിരുന്നു രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് അനൂപ് സിം​ഗ് കമന്റ് രേഖപ്പെടുത്തിയത്.

'തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെ ഇയാൾ രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയും മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനോട് അനാദരവ് കാണിക്കുകയുമാണ് ചെയ്തത്. രാജ്യത്ത് ഇപ്പോഴും ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്.' പൊലീസ് വ്യക്തമാക്കി. 'കുറ്റവാളിയായ വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സമൂഹമാധ്യമങ്ങൾ ഉപയോ​ഗിക്കുന്നവരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അനേവഷണം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈബർ സെൽ അധികൃതർ ഇയാളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.' ഇയാളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും പരിശോധിക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.