ദില്ലി: കൊറോണവൈറസ് പരത്താന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിന് ക്രൂരമര്‍ദ്ദനം. നോര്‍ത്ത് ദില്ലിയിലെ ബവാനയിലാണ് സംഭവം. മാരകമായ പരിക്കേറ്റ ദില്‍ഷാദ് അലിയെ(മെഹബൂബ്-22) എല്‍എന്‍ജെപി ആശുപത്രിയിലെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്ന് ദില്ലി പൊലീസ് പറഞ്ഞു. എന്നാല്‍, യുവാവ് കൊല്ലപ്പെട്ടെന്നും വാര്‍ത്തകള്‍ പരന്നു. ഹരേവ്‌ലി ഗ്രാമ സ്വദേശിയാണ് മര്‍ദ്ദനമേറ്റ ദില്‍ഷാദ്. സംഭവത്തില്‍ നവീന്‍, പ്രശാന്ത്, പ്രമോദ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്‍ഷാദിന് വൈറസ് ബാധയുടെ ലക്ഷണങ്ങളൊന്നുമില്ലെന്ന് ആശുപത്രി ്അധികൃതര്‍ അറിയിച്ചു. 

ദില്‍ഷാദും കൂട്ടുകാരും ഗ്രാമത്തിലേക്ക് കൊവിഡ് പരത്താന്‍ എത്തുന്നുവെന്ന വാര്‍ത്ത പരക്കുകയായിരുന്നു. പഴങ്ങളിലും പച്ചക്കറികളിലും ഉമിനീരാക്കി വൈറസ് പരത്താനാണ് ഇവര്‍ എത്തുന്നതെന്നാണ് അഭ്യൂഹം പ്രചരിച്ചത്. തുടര്‍ന്ന് ഇവരെ മര്‍ദ്ദിക്കാന്‍ ചിലര്‍ കാത്തുനിന്നു. ദില്‍ഷാദിനെ മര്‍ദ്ദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. മര്‍ദ്ദനമേറ്റ ഇയാളുടെ കാലില്‍ നിന്ന് രക്തമൊഴുകുന്നതും മര്‍ദ്ദിക്കരുതെന്ന് കെഞ്ചുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. താനല്ല, മറ്റ് രണ്ട് പേരുമാണ് വൈറസ് പരത്തുമെന്ന് പറഞ്ഞതെന്നും യുവാവ് മര്‍ദ്ദിക്കുന്നവരോട് പറയുന്നുണ്ട്.