പാലന്‍പുര്‍(ഗുജറാത്ത്): കൊവിഡ് വ്യാപനം തടയാന്‍ സ്വന്തം നാവ് മുറിച്ച് യുവാവിന്റെ വഴിപാട്. മധ്യപ്രദേശ് സ്വദേശിയും കുടിയേറ്റ തൊഴിലാളിയുമായ വിവേക് ശര്‍മ എന്ന 24കാരനാണ് കടുംകൈ ചെയ്തത്. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലെ നാദേശ്വരിയിലാണ് സംഭവം. 

ശില്‍പ നിര്‍മാണ തൊഴിലാളിയാണ് വിവേക്. സഹോദരനടക്കമുള്ള മറ്റ് എട്ട് പേര്‍ക്കൊപ്പമാണ് വിവേക് ശര്‍മ താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ മാര്‍ക്കറ്റിലേക്കെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയ വിവേക് തിരിച്ചെത്തിയില്ല.   ഫോണിലേക്ക് വിളിച്ചപ്പോള്‍ ഇയാള്‍ ക്ഷേത്രത്തിലെത്തി നാവ് മുറിച്ചെടുത്തുവെന്ന് മറ്റുള്ളവര്‍ അറിയിച്ചു. കൊറോണവൈറസ് വ്യാപനം തടയാന്‍ നാദേശ്വരി മാതാജിക്ക് സ്വന്തം നാവ് ബലി നല്‍കിയതാണെന്ന് യുവാവ് അറിയിച്ചതായി പൊലീസ് പറഞ്ഞു. കടുത്ത കളീ ഭക്തനാണ് വിവേകെന്ന് കൂടെയുള്ളവര്‍ പൊലീസിനോട് പറഞ്ഞു. 

നാവ് മുറിച്ചെടുത്ത് ഇയാള്‍ കൈയില്‍ പിടിച്ചതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ പോയിട്ടില്ല. കഴിഞ്ഞ രണ്ട് മാസമായി ഇയാള്‍ വീട്ടില്‍ പോയിട്ടില്ലെന്നും സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ക്ഷേത്രം അധികൃതര്‍ അറിയിച്ചതിമെ തുടര്‍ന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.