മുംബൈ: കൊവിഡ് 19 ബാധിച്ചെന്ന് കരുതി മഹാരാഷ്ട്രയില്‍ യുവാവ് ആത്മഹത്യ ചെയ്തു. നാസികിലെ ചെഹെദി സ്വദേശിയായ പ്രതീക് രാജു കുമാവതാണ് ജീവനൊടുക്കിയത്. വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തനിക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. 

പ്ലംബര്‍ ആയി ജോലി ചെയ്തുവരികയായിരുന്നു പ്രതീക്. ദിവസങ്ങള്‍ക്ക് മുമ്പ് തൊണ്ടയ്ക്ക് അസുഖം ബാധിച്ച് ഇയാള്‍ ഡോക്ടറെ സമീപിച്ചിരുന്നു. കൊവിഡ് ബാധിച്ചിരിക്കാമെന്ന് പ്രതീക് ഭയപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രതീകിന്റെ സ്രവ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. സംഭവത്തില്‍ കേസെടുത്തതായും അന്വേഷണം പുരോഗമിക്കുന്നതായും പൊലീസ് വ്യക്തമാക്കി.