ഇറ്റലി: ലോകമങ്ങും ഭീതിയും ആശങ്കയും വിതച്ച് കൊവിഡ് 19 വ്യാപിക്കുമ്പോൾ ഈ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ഇറ്റലിയിൽ നിന്നും ഒരു ശുഭവാർത്ത. കൊവിഡ് 19 ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ 101 വയസ്സുകാരൻ രോ​ഗമുക്തി നേടി എന്ന് റിപ്പോർട്ട്. ഇറ്റാലിയൻ മാധ്യമങ്ങളാണ് വാർത്ത പുറത്തെത്തിച്ചത്. മിസ്റ്റർ പി എന്നാണ് ഇദ്ദേഹത്തെ മാധ്യമങ്ങൾ വിശേഷിപ്പിച്ചിരിക്കുന്നത്. വാർത്ത യാഥാർത്ഥ്യമെങ്കിൽ കൊവിഡ് 19 വൈറസ് ബാധയിൽ  നിന്നും രക്ഷപ്പെട്ട ലോകത്തെ ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടി ആയിരിക്കും ഇദ്ദേഹം. ഇറ്റാലിയിലെ തീരന​ഗരമായ റിമിനിയിൽ നിന്നുള്ള ഇദ്ദേഹത്തെ ഒരാഴ്ച മുമ്പാണ് കൊറോണ വൈറസ് ബാധയെ തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. ഇയാള്‍ ജനിച്ചത് 1919 എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് രിമിനി വൈസ് മേയര്‍ ഗ്ലോറിയ ലിസിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

100 വയസ്സിന് മുകളിൽ പ്രായമുള്ള വ്യക്തിയായിട്ടും ഇദ്ദേഹം രോ​ഗമുക്തി നേടി ജീവിതത്തിലേക്ക് തിരിച്ചെത്തിയത് പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വാർത്തയാണ്. ആശുപത്രി ജീവനക്കാരും അധികൃതരും ഒന്നടങ്കമുള്ളവർ അത്ഭുതപ്പെട്ടിരിക്കുകയാണ്. വളരെ സങ്കടകരമായ വാർത്തകളാണ് കുറച്ച് ദിവസങ്ങളായി കേട്ടുകൊണ്ടിരിക്കുന്നത്. പ്രായമേറിയവരെയാണ് വൈറസ് പെട്ടെന്ന് പിടികൂടുന്നത് എന്നും കേട്ടു. എന്നാൽ മിസ്റ്റർ പി ഈ രോ​ഗബാധയെ അതിജീവിച്ചിരിക്കുകയാണ്. അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വന്നരിക്കുന്നു. മേയർ ലിസി ഒരു ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി. പൂര്‍ണമായും ലോക്ക് ഡൗണിലായ രാജ്യത്ത് ഇതുവരെ 8,000ല്‍ അധികം പേര്‍ കോവിഡ് 19 ബാധിച്ച് മരിച്ചിട്ടുണ്ട്. എണ്‍പതിനായിരത്തിലധിക പേരെയാണ് രോഗം ബാധിച്ചിട്ടുള്ളത്.