വഡോദര: ഓൺലൈൻ ​ഗെയിമായ ലൂഡോ കളിച്ച് തോറ്റ യുവാവ് ഭാര്യയുടെ നട്ടെല്ല് ചവിട്ടിയൊടിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. നട്ടെല്ലിന് ​ഗുരുതരമായി പരിക്കേറ്റ ഇരുപത്തിനാല് വയസ്സുള്ള യുവതി ഇപ്പോൾ ആശുപത്രിയിലാണ്. ഭർത്താവിനൊപ്പം വീട്ടിലിരിക്കുന്നതിനാൽ ഇവർ ലൂഡോ ​ഗെയിം കളിക്കാൻ തീരുമാനിക്കുകയായിരുന്നു. നാല് റൗണ്ട് വരെ തുടർച്ചയായി തോറ്റതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. 

വാക്കാലുള്ള തർക്കത്തിലാണ് ഇവരുടെ വഴക്ക് ആരംഭിച്ചത്. പിന്നീട് അശ്ലീലം പറഞ്ഞ് ഭർത്താവ് യുവതിയെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടയാണ് യുവതിയുടെ നട്ടെല്ലിൽ ചവിട്ടിയത്. ഭാര്യയ്ക്ക് തന്നേക്കാൾ വരുമാനമുണ്ടെന്നും ബുദ്ധിമതിയാണെന്നുമുള്ള തോന്നൽ കൊണ്ടാണ് ഭർത്താവ് ഇത്തരത്തിൽ പെരുമാറിയതെന്ന് ഇവരുമായി സംസാരിച്ച അഭയം ഹെൽപ് ലൈൻ കൗൺസലേഴ്സ് പറയുന്നു. ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനിയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ഇവർക്ക് രണ്ടുപേർക്ക് ജീവിക്കാൻ ഈ വരുമാനം മതിയാകും. എന്നാൽ ഭവന വായ്പ അടക്കാൻ വേണ്ടി യുവതി മറ്റ് വീടുകളിൽ ട്യൂഷനെടുക്കാൻ പോയിരുന്നു. 

ആശുപത്രിയിൽ നിന്നും സ്വന്തം മാതാപിതാക്കളുടെ കൂടെ പോകാനാണ് യുവതി തീരുമാനിച്ചത്. ഇത്തരം സംഭവങ്ങളിൽ ഒത്തുതീർപ്പിനും പരാതിപ്പെടാനുമുള്ള രണ്ട് അവസരങ്ങൾ നൽകാറുണ്ടെന്ന് കൗൺസലർ വ്യക്തമാക്കി. ഈ സംഭവത്തിൽ ഭർത്താവ് യുവതിയോട് മാപ്പ് പറയുകയും യുവതി പരാതിയില്ല എന്നറിയിക്കുകയും ചെയ്തിട്ടുണ്ട്. ശാരീരിക അതിക്രമം ക്രിമിനൽ കുറ്റമാണെന്നും യുവതി പരാതിപ്പെട്ടാൽ അയാൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം കുറച്ച് ​ദിവസം താമസിച്ചതിന് ശേഷം തിരികെ ഭർത്താവിന്റെ അടുത്തേയ്ക്ക് മടങ്ങി വരാനാണ് യുവതിയുടെ തീരുമാനം.