ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയില്‍ മൊബൈലില്‍ റെയ്ഞ്ച് തപ്പി കുന്നിന്‍ മുകളില്‍ കയറിയ മധ്യവയസ്കന്‍ തോട്ടില്‍ വീണ് മരിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കപ്‌കോട്ട് പൊലീസ് സ്റ്റേഷന് കീഴിലുള്ള ഷാമ കനോലി ഗ്രാമത്തിൽ താമസിക്കുന്ന രാജേന്ദ്ര റാം(51) ആണ് മരിച്ചത്.

ദില്ലിയില്‍ ജോലി ചെയ്തുവരികയായിരുന്ന രാജേന്ദ്ര റാം കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. തിരികെ ദില്ലിയിലേക്ക് പോകാനൊരുങ്ങവെയാണ് ദാരുണമായ അപകടം സംഭവിച്ചതെന്ന്  കപ്‌കോട്ട് പൊലീസ് പറഞ്ഞു. രണ്ട് ദിവസത്തിന് ശേഷം അച്ഛന് ദില്ലിയിലേക്ക് തിരിച്ച് പോകണമായിരുന്നു. വീട്ടില്‍ റെയ്ഞ്ച് ഇല്ലാത്തതിനാല്‍ ഫോണ്‍‌ ചെയ്യാനായി സിഗ്നല്‍ നോക്കി കുന്നിന്‍ മുകളിലേക്ക് കയറിയതാണ്. അപ്പോഴാണ് അപകടം സംഭവിച്ചതെന്ന് രാജേന്ദ്ര റാമിന്‍റെ മകന്‍ പറഞ്ഞു.

ഫോണ്‍ ചെയ്യാനായി പുറത്തേക്ക് പോയ രാജേന്ദ്ര റാം ഒരുപാട് നേരമായിട്ടും തിരിച്ചെത്താതായതോടെയാണ് മകനും പരിസരവാസികളും അന്വേഷിച്ച് ഇറങ്ങിയത്.  ഗ്രാമവാസികളുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുന്നിന്‍ മുകളിന് 100 മീറ്റര്‍ താഴെയുള്ള തോട്ടില്‍ നിന്നും രാജേന്ദ്ര റാമിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.