ലക്നൗ: സമാജ് വാദി പാർട്ടി നേതാവിന്റെ വീട്ടിൽവച്ചുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. 35കാരനായ രാകേഷ് റാവത്ത് ആണ് മരിച്ചത്. അവിചാരിതമായുണ്ടായ വെടിവെപ്പാണെന്നാണ് റിപ്പോർട്ട്. സമാജ് വാദി നേതാവ് അമിത് യാദവിന്റെ വീട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിനിടെ സൗഹാർദപരമായി മത്സരിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 

രാകേഷ് റാവത്തിന്റെ മരണത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി ‍പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ സൊമെൻ ബർമ്മ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. വിനയ് യാദവ് എന്നയാളുടെ പിറന്നാളാഘോഷത്തിന് അഞ്ചുപേർ ഒരുമിച്ച് കൂടിയതായിരുന്നു. 

വിനയ് യാദവ്, ​ഗ്യാനേന്ദ്ര കുമാർ, ആഫ്താബ്, പങ്കജ് യാദവ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മരിച്ച രാകേഷിന്റെ പിതാവ് മണി രത്നം നൽകിയ പരാതിയിലാണ് അറസ്റ്റ്. നാല് പേരുടെയും മൊഴികളിൽ വൈരുധ്യം ഉണ്ടെന്ന് കണ്ടെത്തിയതിനാൽ അന്വേഷണം പുരോ​ഗമിക്കുകയാണ്.