ഭുവനേശ്വർ: മഹാത്മാ ​ഗാന്ധിയുടെ വേഷമണിഞ്ഞ് ചേരിയിലെ ആളുകൾക്ക് സാനിറ്റൈസറും മാസ്കുകളും വിതരണം ചെയ്ത് യുവാവ്. ഭുവനേശ്വറിലെ എയിംസ് ആശുപത്രിക്ക് അടുത്തുള്ള ചേരി പ്രദേശത്താണ് സായ് റാം എന്നയാൾ ഇവ വിതരണം ചെയ്യുന്നത്. അവശ്യവസ്തുക്കൾ വിതരണം ചെയ്യുന്നതിനൊപ്പം ആളുകളിൽ കൊവിഡ് 19നെ പറ്റി അവബേധം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് ഇയാൾ.

സിൽവർ ​ഗാന്ധി എന്നാണ് സായ് റാം അറിയപ്പെടുന്നത്. ദേഹമാസകലം സിൽവവർ നിറത്തിലുള്ള പെയിന്റ് അടിച്ച സായ് റാമിന്റെ കയ്യിൽ ഒരു ദേശീയ പതാകയും ഉണ്ട്. ഒരാഴ്ച മുമ്പാണ് സായ് റാം ഇത്തരത്തിൽ സന്നദ്ധപ്രവർത്തനവുമായി രം​ഗത്തെത്തിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

"ആളുകൾ എന്നെ സിൽവർ ഗാന്ധി എന്ന് വിളിക്കുന്നു. ഞാൻ കാൽനടയായിട്ടാണ് കൊവിഡിനെ പറ്റി അവബോധം പ്രചരിപ്പിക്കുന്നത്. ഈ യാത്രക്കിടയിൽ, എന്റെ പോക്കറ്റ് മണി ഉപയോഗിച്ച് നൂറുകണക്കിന് മാസ്കുകളും സാനിറ്റൈസറുകളും ആളുകൾക്ക് വിതരണം ചെയ്യാൻ ഞാൻ തീരുമാനിച്ചു. കൊറോണ വൈറസിനെ തടഞ്ഞുനിർത്താനും അതിനെതിരായ പോരാട്ടത്തിൽ വിജയിക്കാനും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും സുപ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ഞാൻ ചേരി പ്രദേശങ്ങളിലെ ജനങ്ങളോട് അഭ്യർത്ഥിച്ചു, ”സായി റാം പറഞ്ഞു.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി ദേശീയ പതാകയും കയ്യിലേന്തി ഇതിനോടകം സായ് റാം നടന്നത് 150 കിലോമീറ്ററാണ്. സാമൂഹിക അകലത്തെ കുറിച്ചും സായ് ആളുകൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നുണ്ട്.