ബേക്കറിയിൽ തോക്കുമായി മോഷ്ടിക്കാൻ കയറിയ യുവാവ് സെക്കന്റുകൾക്കകം ഇറങ്ങിയോടി; സിസിടിവിയില്‍ പതിഞ്ഞ് ദൃശ്യങ്ങൾ
ബേക്കറിയില്‍ കയറിയ ശേഷം ഇറങ്ങിയോടുന്നത് വരെയുള്ള സംഭവങ്ങളെല്ലാം കൂടി ഏഴ് സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത്. എല്ലാം ക്യാമറകളില്‍ പതിയുകയും ചെയ്തു.

മുംബൈ: മോഷണം ലക്ഷ്യമിട്ട് തോക്കുമായി വ്യാപാര സ്ഥാപനത്തില്‍ കയറിയ കള്ളന്‍, പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ച് ഇറങ്ങിയോടി. മുബൈയിലെ ഒരു ബേക്കറിയിലായിരുന്നു സംഭവം. മോഷണ ശ്രമത്തിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. കടയില്‍ കയറിയ യുവാവിന് ആകെ ഏഴ് സെക്കന്റുകള്‍ മാത്രമേ അവിടെ നില്‍ക്കാന്‍ സാധിച്ചുള്ളൂ.
മുംബൈക്ക് സമീപം കാശ്മിരയിലെ ഒരു ബേക്കറിയിലായിരുന്നു സംഭവം. രാവിലെ പത്ത് മണിയോടെ ജീവനക്കാര്‍ കട തുറന്ന് മിനിറ്റുകള്‍ക്കകമാണ് യുവാവ് കടയിലെത്തിയത്. കടയുമടയ്ക്ക് നേരെ തോക്ക് ചൂണ്ടിയ ഇയാള്‍ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പിന്നീടായിരുന്നു നാടകീയ സംഭവങ്ങള്‍. ഭീഷണിപ്പെടുത്താനായി വെടിയുതിര്‍ത്ത് ഭീതി പരത്താനായിരുന്നു യുവാവിന്റെ പദ്ധതി. ഇതിനായി രണ്ട് തവണ ട്രിഗര്‍ വലിച്ചെങ്കിലും തോക്ക് പൊട്ടിയില്ല. ഒരിക്കല്‍ കൂടി തോക്ക് റീലോഡ് ചെയ്തെങ്കിലും വിജയിച്ചില്ല. ഇതോടെ ഇനിയും നിന്നാല്‍ പ്രശ്നമാവുമെന്ന് മനസിലാക്കി ഇയാള്‍ കടയില്‍ നിന്ന് ഇറങ്ങിയോടി. ബേക്കറിയില്‍ കയറിയ ശേഷം ഇറങ്ങിയോടുന്നത് വരെയുള്ള സംഭവങ്ങളെല്ലാം കൂടി ഏഴ് സെക്കന്റ് മാത്രമാണ് നീണ്ടുനിന്നത്.
Read also: കൈയ്യിൽ തോക്ക് കണ്ട് പിടികൂടി; കള്ളവണ്ടി കയറിയതിന് പിഴയിട്ട് മലയാളി യുവാക്കളെ വിട്ടയച്ചു
സംഭവം കടയിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞു. ജീവനക്കാരെല്ലാം എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കാര്യം മനസിലായി വന്നപ്പോഴേക്കും മോഷണ ശ്രമം ഉപേക്ഷിച്ച് യുവാവ് തോക്കുമായി ഇറങ്ങി ഓടുകയും ചെയ്തു. രാവിലെ കട തുറന്നയുടനെ ആയിരുന്നു സംഭവമെന്ന് ജീവനക്കാരിലൊരാളായ മുഹമ്മദ് തഫ്ഷി പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. മേശയും മറ്റ് സാധനങ്ങളും ശരിയാക്കി വെയ്ക്കുന്നതിനിടെ പെട്ടെന്നാണ് യുവാവ് കടന്നുവന്നത്. തോക്ക് ചൂണ്ടുകയും കാഞ്ചി വലിക്കുകയും ചെയ്തെങ്കിലും ഒന്നും സംഭവിക്കുന്നില്ലെന്ന് മനസിലായതോടെ ഇറങ്ങി ഓടുകയും ചെയ്തു" - മുഹമ്മദ് പറഞ്ഞു.
ജീവനക്കാര്‍ വിവരം അറിയിച്ചത് അനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...