ലക്നൗ: കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അറുപതുവയസ്സുള്ള രോ​ഗി ഐസൊലേഷൻ വാർഡിൽ നിന്നും ചാടിപ്പോയി. ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. ഐസോലേഷൻ വാർഡിന്റെ ജനാല തകർത്ത് വസ്ത്രങ്ങൾ ഉപയോ​ഗിച്ച് കയറുണ്ടാക്കിയാണ് ഇയാൾ രക്ഷപ്പെട്ടത്. നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത്. വെള്ളിയാഴ്ചയാണ് ബാ​ഗ്പെട്ടിലെ പ്രാദേശിക ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചത്. മതസമ്മേളനത്തിൽ ഇയാൾക്കൊപ്പം നേപ്പാളിൽ നിന്നുള്ള 17 പേരും പങ്കെടുത്തിരുന്നു. ഓടിപ്പോയ രോ​ഗിക്ക് വേണ്ടി അന്വേഷണം നടത്തുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

ചികിത്സയിൽ കഴിഞ്ഞിരുന്ന സമയത്ത് വളരെ മാന്യനായിട്ടാണ് ഇയാൾ പെരുമാറിയിരുന്നതെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നു. ആരോടും യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്നില്ല. ഇന്ത്യയിലെ ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് 19 കേസുകളിൽ 30 ശതമാനവും നിസാമുദ്ദീൻ മതസമ്മേളനവുമായി ബന്ധപ്പെട്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഈ സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഇന്നലെ ഹരിയാനയിലെ കർണാലിൽ ഐസൊലേഷൻ വാർഡിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രോ​ഗി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചിരുന്നു. ബെഡ്ഷീറ്റും പ്ലാസ്റ്റിക് പാക്കറ്റുകളും ഉപയോ​ഗിച്ച് കയർ നിർമ്മിച്ചാണ് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചത്.