ഓൺലൈൻ ആപ്പുകൾ വഴി പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ മാത്രമല്ല പലചരക്ക് സാധനങ്ങളെല്ലാം ഇന്ന് വീട്ടിലെത്തും


ദില്ലി: ഓൺലൈൻ ആപ്പുകൾ വഴി പാകം ചെയ്ത ഭക്ഷണ സാധനങ്ങൾ മാത്രമല്ല, പലചരക്ക് സാധനങ്ങളെല്ലാം ഇന്ന് വീട്ടിലെത്തും. ബ്ലിങ്കിറ്റ്, സ്വിഗ്ഗി, ഇൻസ്റ്റമാർട്ട്, സെപ്റ്റോ തുടങ്ങി നിരവധി സംവിധാനങ്ങൾ ഇന്ന് ഇത്തരം സേവനങ്ങൾ നൽകുന്നുണ്ട്. സമയലാഭവും വിലക്കുറവും എല്ലാമാണ് നമ്മളെ ഇതിലേക്ക് ആകർഷിക്കുന്നതും. എന്നാൽ ചിലപ്പോഴെങ്കിലും സാധനം കാണാതെ വാങ്ങുന്ന ഭക്ഷണപദാർത്ഥങ്ങൾ ചിലപ്പോഴെങ്കിലും സുരക്ഷിതമല്ലെന്നാണ് ഒരു ഉപഭോക്താവിന്റെ ട്വിറ്റർ പോസ്റ്റ്. ബ്ലിങ്കിറ്റിൽ ഓർഡർ ചെയ്ത ബ്രഡിന്റെ പാക്കറ്റിൽ കണ്ടെത്തിയത് ജീവനുള്ള എലിയെ ആണെന്നും അദ്ദേഹം തെളിവുകൾ സഹിതം പറയുന്നു.

പഴകിയ ബ്രഡും അതിനുള്ളിൽ കണ്ടെത്തിയ ജീവനുള്ള എലിയും ഏറെ അസഹനീയമായ അനുഭവമാണെന്ന് ഉപഭോക്താവായ നിതിൻ അറോറ എന്നയാൾ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങൾ സഹിതമാണ് ഉപഭോക്താവിന്റെ ആരോപണം. 1 - 02 - 23 -ന് ഓർഡർ ചെയ്ത ബ്രെഡ് പാക്കറ്റിനുള്ളിൽ ജീവനുള്ള എലിയെ കണ്ടെത്തിയത് ഏറ്റവും അസുഖകരമായ അനുഭവമാണ്. ഇത് നമ്മൾ എല്ലാവർക്കും ഉള്ള മുന്നറിയിപ്പാണ്. പത്ത് മിനിട്ടിൽ സാധനം കിട്ടുന്നത് ഇങ്ങനെയെങ്കിൽ, അത് വാങ്ങുന്നതിനേക്കാൾ നല്ലത് മണിക്കൂറുകൾ കാത്തിരിക്കുന്നതാണ്- നിതിൻ ട്വീറ്റ് ചെയ്തു.

Read more;  'ഹോട്ടലുകൾക്ക് അമ്മയുടെ സ്ഥാനം,ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് അമ്മമാർ വിളമ്പുന്ന സംതൃപ്തി നൽകണം' മുഖ്യമന്ത്രി

സംഭവത്തിൽ കസ്റ്റമർ സർവീസ് സംവിധാനങ്ങലുമായി ബന്ധപ്പെട്ട് സംസാരിച്ചതിന്റെ വിവരങ്ങളും നിതിൻ പങ്കുവച്ചിട്ടുണ്ട്. താങ്കളുടെ പ്രശ്നം ശരിയാണെന്നും മാപ്പ് ചോദിക്കുന്നതായും ആണ് അവർ പ്രതികരിക്കുന്നത്. ഒപ്പം ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞതിന്റെ സ്ക്രീൻ ഷോട്ടാണ് നിതിൻ പങ്കുവച്ചിരിക്കുന്നത്. സംഭവത്തിനെതിരെ ട്വിറ്ററിൽ വ്യാപക പ്രതിഷേധം ഉയർന്നു. ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ ആവശ്യമായ പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണെന്ന് പലരും പ്രതികരണങ്ങളായി കുറിക്കുന്നു.

Scroll to load tweet…