കൊൽക്കത്ത: ഫോണിൽ സംസാരിച്ചുകൊണ്ട് നിൽക്കെ ട്രെയിനിടിച്ച് 45കാരൻ മരിച്ചു.  കൊൽക്കത്തയ്ക്ക് അടുത്ത് ലേക് ടൗണിലാണ് സംഭവം. പാസഞ്ചർ ട്രെയിനായ ദക്ഷിൻദാരി ഇടിച്ചാണ് ഗൗതം ഹൽദാർ എന്നയാൾ മരിച്ചത്. ഇന്നലെ രാവിലെ എട്ടിനും എട്ടരയ്ക്കും ഇടയിലാണ് സംഭവം. 

ഗുരുതരമായി പരിക്കേറ്റ ഗൗതമിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പാളത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നപ്പോഴാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കാൻ സാധിച്ചില്ല. സാക്ഷികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പശ്ചിമ ബംഗാളിലെ സീൽദാഹ് ബോംഗോൺ - സീൽദാഹ് ബെഹ്റാംപോർ റൂട്ടിൽ റെയിൽപാളത്തിൽ ട്രെയിനിടിച്ചുണ്ടാകുന്ന മരണങ്ങളിൽ 16 ശതമാനവും ഫോണിന്റെ അമിത ഉപയോഗം മൂലമാണെന്നാണ് വിവരം.