ഹര്‍ദോ: വീട് നിര്‍മ്മാണത്തിന് കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിലാണ് അടിത്തറ കെട്ടാനായി കുഴിയെടുത്തപ്പോള്‍ സ്വര്‍ണവും വെള്ളിയും അടങ്ങുന്ന ആഭരണങ്ങള്‍ കണ്ടെടുത്തത്. 

കുഴിയെടുത്തപ്പോള്‍ ആഭരണങ്ങള്‍ ലഭിച്ചെന്ന വിവരം സ്ഥലത്തിന്‍റെ ഉടമ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ ഇക്കാര്യം സമ്മതിക്കുകയായിരുന്നു. പിന്നീട് ആഭരണങ്ങള്‍ പൊലീസ് പിടിച്ചെടുത്തു. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭണങ്ങളാണ് മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. 650 ഗ്രാം സ്വര്‍ണാഭരണങ്ങളും 4.53 കിലോ വെള്ളി ആഭരണങ്ങളുമാണ് ലഭിച്ചതെന്ന് ഹര്‍ദോയ് പൊലീസ് സൂപ്രണ്ട് അറിയിച്ചു. 

സ്ഥലത്തിന്‍റെ ഉടമയുടെ കൈവശം ആഭരണങ്ങളുമായി ബന്ധപ്പെട്ട രേഖകള്‍ ഇല്ലാത്തതിനാലാണ് പൊലീസ് ഇവ പിടിച്ചെടുത്തത്. മണ്ണിനടിയില്‍ നിന്ന് ലഭിക്കുന്ന നിധിശേഖരം ജില്ലാ റവന്യൂ അധികൃതരെ ഏല്‍പ്പിക്കുകയോ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ ഹാജരാക്കുകയോ ചെയ്യണമെന്നതാണ് നിലവിലെ നിയമം.