പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ശിക്ഷ
തൃശൂര്‍: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ യുവാവിന് എട്ട് വര്‍ഷം തടവും പിഴയും ശിക്ഷ. കൊടുങ്ങല്ലൂര്‍ അഴിക്കോട് സുനാമി കോളനി സ്വദേശി സിജിലിനെ(23)യാണ് തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജ് ജയപ്രഭു ശിക്ഷിച്ചത്. 2021 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വോളിബോള്‍ പ്രാക്ടീസിന് വീട്ടിൽ നിന്നും പോയ 13 കാരിയെ പ്രതി വാഹനത്തില്‍ കടത്തിക്കൊണ്ടുപോയി. പിന്നീട് അഴീക്കോട് ബീച്ചില്‍ വെച്ച് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.
പ്രതി കുട്ടിയുമായി പോയ വിവരം അറിഞ്ഞ മാതാപിതാക്കളും നാട്ടുകാരുമാണ് കൊടുങ്ങല്ലൂര്‍ പോലീസിനെ വിവരം അറിയിച്ചത്. കൊടുങ്ങല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെയും 25 രേഖകളും മൂന്ന് തൊണ്ടി മുതലുകളും ഹാജരാക്കി.
സൈബര്‍, ഫൊറന്‍സിക് തെളിവുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിവിധ വകുപ്പുകളിലായി പ്രതിക്ക് എട്ട് വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷയായി വിധിച്ചു. പിഴത്തുക മുഴുവന്‍ ഇരയായ പെണ്‍കുട്ടിക്ക് നല്‍കാന്‍ വിധിന്യായത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. സമൂഹത്തിന് സന്ദേശം നല്‍കുന്ന രീതിയില്‍ ശക്തമായ ശിക്ഷ പ്രതിക്ക് നല്‍കണമെന്ന പ്രൊസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ലിജി മധു, അഡ്വ. പി ആര്‍ ശിവ എന്നിവര്‍ ഹാജരായി. പ്രൊസിക്യൂഷനെ സഹായിക്കുന്നതിനു വേണ്ടി റൂറല്‍ ലെയ്‌സണ്‍ കെ പി നീതു ഹാജരായിരുന്നു.

