പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മകന്‍റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്. 

ചെന്നൈ: മാനസിക വെല്ലുവിളി നേരിടുന്ന 44 വയസ്സുള്ള മകനെ പിതാവ് ഉറക്കഗുളിക നല്‍കി കൊലപ്പെടുത്തി. അമിത അളവില്‍ ഉറക്കഗുളിക നല്‍കിയാണ് 82 കാരനായ പിതാവ് മകനെ കൊന്നത്. തമിഴ്നാട് ആല്‍വാര്‍പേട്ടിലാണ് സംഭവം. മകനെ കൊന്നതിന് ശേഷം മകന്‍റെ മൃതദേഹത്തിന് സമീപം നാല് ദിവസം ഈ പിതാവ് ആഹരവും വെള്ളവും ഉപേക്ഷിച്ച് മരണം കാത്തുകിടന്നു. 

ത്രിവേണി അപ്പാര്‍ട്ട്മെന്‍റിലെ ഇവര്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ വെള്ളിയാഴ്ച പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ മകന്‍റെ അഴുകിയ മൃതദേഹവും കെട്ടിപ്പിടിച്ച് കിടക്കുന്ന വൃദ്ധനായ പിതാവിനെയാണ് കണ്ടത്. 

82കാരനായ വിശ്വനാഥന്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരനായിരുന്നു. സ്റ്റെനോഗ്രാഫറായിരിക്കെ വിരമിച്ച ഇദ്ദേഹത്തിന്‍റെ ഭാര്യ 15 വര്‍ഷം മുമ്പ് മരിച്ചു. തുടര്‍ന്ന് ഒറ്റക്കാണ് ഇത്രയും നാള്‍ മാനസിക വെല്ലുവിളി നേരിടുന്ന മകനെ വളര്‍ത്തിയത്. തന്‍റെ മരണശേഷം മകനെ നോക്കാന്‍ ആരുമുണ്ടാകില്ലെന്ന ഭയമാണ് വിശ്വനാഥന്‍ മകനെ കൊല്ലാന്‍ കാരണമെന്ന് പൊലീസ് വ്യക്തമാക്കി. 

വിശ്വനാഥന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രായാധിക്യത്താല്‍ അസുകം നേരിടുന്ന വിശ്വനാഥന് സഹായത്തിന് ആരുമുണ്ടായിരുന്നില്ല. അസുഖബാധിതനായിരുന്ന സമയത്ത് മകനെ ശുശ്രൂഷിക്കാന്‍ അദ്ദേഹത്തിന് ആയിരുന്നുമില്ല. വിശ്വനാഥന് ലഭിക്കുന്ന പെന്‍ഷന്‍ തുകകൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. 

തിങ്കളാഴ്ചയാണ് വിശ്വനാഥന്‍ മകന് ഉറക്കഗുളിക നല്‍കിയത്. വിശ്വനാഥനും ഇതില്‍ ഒരു പങ്ക് കഴിച്ചിരുന്നു. മകന്‍ മരിച്ചതോടെ വിശ്വനാഥന്‍ അബോധാവസ്ഥയിലായി. പക്ഷേ മരണം സംഭവിച്ചില്ല. മകന്‍റെ മൃതദേഹം കണ്ടെത്തുമ്പോള്‍ അതേ കട്ടിലില്‍ തന്നെയായിരുന്നു വിശ്വനാഥനും ഉണ്ടായിരുന്നത്. 

അച്ഛനും മകനും അധികം പുറത്തിറങ്ങാറില്ലാത്തതിനാല്‍ അയല്‍വാസികള്‍ക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല. എന്നാല്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ ദുര്‍ഗന്ധം വന്നുതുടങ്ങിയതോടെ അയല്‍ക്കാര്‍ക്ക് എന്തോ പന്തികേടുതോന്നി വിളിച്ചുനോക്കിയെങ്കിലും ആരും മറുപടി നല്‍കിയില്ല. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിവരമറിയിച്ചത്.