പെൺസുഹൃത്തിന്‍റെ ഏഴ് വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. ബന്ധത്തിന് കുഞ്ഞ് തടസമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് പ്രതി.

ബെംഗളൂരു: കുമ്പളഗൗഡയിൽ പെൺസുഹൃത്തിന്‍റെ മകളെ കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതി പിടിയിൽ. കുമ്പളഗൗഡ സ്വദേശി ദർശൻ ആണ് എഴ് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായത്. പെൺസുഹൃത്തിനൊപ്പം സമയം ചെലവഴിക്കുന്നതിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി മൊഴി നൽകി.

രാമസാന്ദ്ര ഗവൺമെന്‍റ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ സിരിയെ കൊലപ്പെടുത്തിയ സംഭവത്തിലാണ് അമ്മ ശിൽപയുടെ ആൺസുഹൃത്ത് ദർശൻ പിടിയിലായത്. കൊല നടത്തിയ ശേഷം രക്ഷപ്പെട്ട ദർശനെ തുംകൂരു റോഡിൽ നിന്നാണ് കുമ്പളഗൗഡ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശിൽപയുമൊത്തുള്ള നിമിഷങ്ങൾക്ക് കുഞ്ഞ് തടസമാണെന്ന് ആരോപിച്ച് ദർശൻ പതിവായി വഴക്കിട്ടിരുന്നതായി പൊലീസ് അറിയിച്ചു. കൊലപാതകം നടന്ന ദിവസവും ഇത്തരത്തിൽ വഴക്ക് നടന്നിരുന്നു. കുഞ്ഞിനെ ഹോസ്റ്റലിലേക്ക് മാറ്റണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. പതിവുപോലെ ആവശ്യം തള്ളിയ ശിൽപ ജോലിക്ക് പോയി. വീട്ടിൽ തന്നെ തങ്ങിയ ദ‍ർശൻ സിരി, സ്കൂൾ വിട്ടുവന്നതിന് പിന്നാലെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

കുഞ്ഞിന്‍റെ തല നിലത്തടിച്ച ഇയാൾ ഇതിനിടെ ശിൽപയെ ഫോൺ ചെയ്ത് കരച്ചിൽ കേൾപ്പിച്ച് വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഓടിയെത്തിയ ശിൽപയെ ഇയാൾ മറ്റൊരു മുറിയിൽ പൂട്ടിയിട്ടു. പിന്നാലെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. വാതിലിന്റെ ചില്ല് തകർത്ത് ശിൽപ പുറത്തെത്തിയപ്പോഴേക്കും കു‌ഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയതിന് പിന്നാലെയാണ് ദർശൻ പൊലീസിന്റെ പിടിയിലായത്. വിവാഹമോചിതയായ ശിൽപ അമ്മയ്ക്കൊപ്പം ആയിരുന്നു താമസം. ഓഗസ്റ്റിൽ അമ്മ മരിച്ചതിന് പിന്നാലെയാണ് ദ‍ർശൻ കുഞ്ഞിനെ ഒഴിവാക്കാൻ ആവശ്യപ്പെട്ട് സമ്മർദം ചെലുത്തി തുടങ്ങിയത്.

YouTube video player