ജബല്‍പൂര്‍: ഭാര്യ നാലാമതും പെണ്‍കുട്ടിക്ക് ജന്മം നല്‍കിയതറിഞ്ഞ യുവാവ് ഒന്നരവയസുള്ള മകളെ തല നിലത്തടിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. പ്രതിയായ രമേശ് വര്‍മ്മന്‍ എന്ന അജ്ജുവിനെ പൊലീസ് പിടികൂടി. 

മദ്യലഹരിയിലായിരുന്ന പിതാവ് കുട്ടിയെ നിലത്തടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മുനിസിപ്പാലിറ്റി ശുചീകരണ തൊഴിലാളികളാണ് കുപ്പത്തൊട്ടിയില്‍ നിന്നും കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേശ് വര്‍മ്മനിലേക്ക് എത്തിയത്. തലയോട്ടി പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. 

ഇയാള്‍ക്ക് മൂന്നും അഞ്ചും വയസുള്ള രണ്ടു കുട്ടികള്‍കൂടിയുണ്ട്. മകളെ കൊലപ്പെടുത്തി മൃതദേഹം കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച ശേഷം ഭാര്യയെ സന്ദര്‍ശിക്കാന്‍ ഇയാള്‍ ആശുപത്രിയില്‍ എത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി.