1964ല്‍ അന്നത്തെ ഈസ്റ്റ് പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) നിന്ന് മേഘാലയിലേക്ക് കുടിയേറിയവരാണ് നരേഷിന്‍റെ കുടുംബം. ടിനികുനിയ പാരയില്‍ 35 വര്‍ഷമായി ജീവിച്ച് വന്നിരുന്ന നരേഷ് 2018വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്നു

ഗുവാഹത്തി: ഇന്ത്യന്‍ പൗരത്വം നഷ്ടപ്പെട്ട് അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിഞ്ഞിരുന്ന അമ്പതുകാരന്‍ മരിച്ചു. അസമിലെ ഗോള്‍പാരയിലുള്ള ആശുപത്രിയില്‍ വച്ചാണ് നരേഷ് കൊച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22ന് പക്ഷാഘാതം വന്നത് മൂലം നരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ അസമിലെ തടങ്കല്‍ പാളയത്തില്‍ കഴിയവേ മരിക്കുന്ന 29-ാമത്തെ ആളാണ് നരേഷ്. ടിനികുനിയ പാര ഗ്രാമത്തില്‍ ദിവസവേതനത്തിന് ജോലി ചെയ്തിരുന്നയാളായിരുന്നു നരേഷ്. 1964ല്‍ അന്നത്തെ ഈസ്റ്റ് പാകിസ്ഥാനില്‍ (ഇപ്പോള്‍ ബംഗ്ലാദേശ്) നിന്ന് മേഘാലയിലേക്ക് കുടിയേറിയവരാണ് നരേഷിന്‍റെ കുടുംബം. 

ടിനികുനിയ പാരയില്‍ 35 വര്‍ഷമായി ജീവിച്ച് വന്നിരുന്ന നരേഷ് 2018വരെയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്തിരുന്നു. എന്നാല്‍, ഫോറിന്‍ ട്രൈബ്യൂണലിന്‍റെ തുടര്‍ച്ചയായുള്ള നാല് ഹിയറിംഗുകളിലും ഹാജരാകാതിരുന്നതോടെ നരേഷിനെ വിദേശിയായി പ്രഖ്യാപിച്ചു. തുടര്‍ന്ന് ഗോല്‍പാരയിലെ തടങ്കല്‍ പാളയത്തിലേക്ക് 2018 മാര്‍ച്ചിലാണ് നരേഷിനെ മാറ്റിയത്.

മേഘാലയിലെ പട്ടികവര്‍ഗ വിഭാഗമായ കൊച്ച്- രാജ്ബോണ്‍ഷിസ് സമുദായത്തില്‍ ഉള്‍പ്പെടുന്ന നരേഷ് അസമില്‍ എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനായി കാത്തിരിക്കുകയായിരുന്നു. 1971ലെ വോട്ടര്‍ പട്ടികയില്‍ നരേഷിന്‍റെ മുത്തച്ഛനായ ഹരിലാല്‍ കൊച്ചിന്‍റെ പേരുണ്ടായിരുന്നുവെന്നാണ് കുടുംബം അവകാശപ്പെടുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 2016 മുതല്‍ 2019 ഒക്ടോബര്‍ 13 വരെ അസമിലെ തടങ്കല്‍ പാളയത്തില്‍ നിന്ന് 28 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 988 വിദേശികളെയാണ് ആറ് തടങ്കല്‍ പാളയങ്ങളിലായി താമസിപ്പിച്ചിരിക്കുന്നതെന്ന് 2019 നവംബര്‍ 22ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചിരുന്നു. 2019 ഓഗസ്റ്റ് 31ന് പുറത്ത് വന്ന അസമിലെ പൗരത്വ രജിസ്റ്റര്‍ പ്രകാരം 1.9 മില്യണ്‍ ആളുകള്‍ക്കാണ് പൗരത്വം നഷ്ടമായത്.