Asianet News MalayalamAsianet News Malayalam

വീണ്ടും ഓൺലൈൻ തട്ടിപ്പ്; വളർത്തു നായയെ വാങ്ങാൻ ശ്രമിച്ച ടെക്കിക്ക് നഷ്ടമായത് 40,000 രൂപ

ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ രണ്ടു നമ്പറുകളിലേക്ക് അയച്ച ഉടനെ പ്രമോദിന്റെ അക്കൗണ്ടിൽ നിന്ന് ആദ്യം 10 രൂപ പോയി. പിന്നീട് മിനിട്ടുകൾക്കകം 40,000 രൂപയും പിൻവലിക്കപ്പെട്ടതായി എസ്എംഎസ് വരികയായിരുന്നുവെന്ന് പ്രമോദ് പറയുന്നു.

man loses 40,000 rupees for dog adoption center in bangalore
Author
Bengaluru, First Published Jan 20, 2020, 10:12 PM IST

ബെംഗളൂരു: വളർത്തുനായയെ ദത്തെടുക്കുന്നതിന്റെ ഭാഗമായി ഓൺലൈനായി അക്കൗണ്ട് വിവരങ്ങൾ  നൽകിയ ബെംഗളൂരു സ്വദേശിയ്ക്ക് നഷ്ടമായത് 40,000 രൂപ. യെലഹങ്കയിൽ താമസിക്കുന്ന പ്രമോദ് കുമാർ സനൽ ആണ് തട്ടിപ്പിനിരയായത്. വളർത്തുനായ്ക്കളെ ദത്തെടുക്കാനുള്ള കേന്ദ്രത്തെ കുറിച്ച് പത്രത്തിൽ നിന്നും വായിച്ചറിഞ്ഞ പ്രമോദ് അതിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കുകയും തനിക്ക് വളർത്തുനായയെ ആവശ്യമുണ്ടെന്ന് അറിയിക്കുകയുമായിരുന്നു.

അവിടത്തെ ജീവനക്കാരനെന്ന നിലയിൽ സംസാരിച്ച വ്യക്തി കേന്ദ്രത്തിന്റെ ഉടമസ്ഥനെ കണ്ടു സംസാരിക്കണമെങ്കിൽ 10 രൂപ ഓൺലൈൻ ആയി ട്രാൻസ്ഫർ ചെയ്യണമെന്നാവശ്യപ്പെട്ടു. കൂടാതെ മൊബൈലിൽ ഒരു ലിങ്ക് അയക്കുമെന്നും അതിൽ ആവശ്യമായ വിവരങ്ങൾ ചേർത്ത് ഒപ്പം നൽകിയിരിക്കുന്ന മറ്റു രണ്ടു നമ്പറുകളിലേയ്ക്ക് അയക്കണമെന്നും അറിയിച്ചു.

ലിങ്കിൽ ക്ലിക്ക് ചെയ്ത് അക്കൗണ്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ രണ്ടു നമ്പറുകളിലേക്ക് അയച്ച ഉടനെ പ്രമോദിന്റെ അക്കൗണ്ടിൽ നിന്ന് ആദ്യം 10 രൂപ പോയി. പിന്നീട് മിനിട്ടുകൾക്കകം 40,000 രൂപയും പിൻവലിക്കപ്പെട്ടതായി എസ്എംഎസ് വരികയായിരുന്നുവെന്ന് പ്രമോദ് പറയുന്നു. ശേഷം ഈ നമ്പറുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ ഓഫായിരുന്നു. നഗരത്തിൽ സ്വകാര്യ കമ്പനിയിൽ സോഫ്ട് വെയർ എൻജിനീയറാണ് പ്രമോദ്. സംഭവത്തിൽ വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്തു. 

Follow Us:
Download App:
  • android
  • ios