പട്‌ന: പശുവിനെ മോഷ്ടിച്ചെന്ന സംശയത്തെ തുടര്‍ന്ന് ബിഹാറില്‍ 32കാരനെ അടിച്ചുകൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. തലസ്ഥാന നഗരമായ പട്‌നയിലാണ് സംഭവമുണ്ടായത്. പ്രതികളായ ആറുപേരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മുഹമ്മദ് ആലംഗിര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് പശുതൊഴുത്തില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ ഇയാള്‍ ശ്രമിച്ചെന്നാരോപിച്ചാണ് മര്‍ദ്ദനം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി മര്‍ദ്ദിക്കുകയായിരുന്നു. മണിക്കൂറുകളോളം ഇയാള്‍ മര്‍ദ്ദനത്തിനിരയായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ബുധനാഴ്ച ഉച്ചക്ക് ശേഷം ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.