എല്ലാ ദിവസവും പ്രദേശത്തെ ശിവ ക്ഷേത്രത്തില്‍ ഛോട്ടു എത്തുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളുടെ മനസ് മാറ്റാനും താന്‍ പറയുന്ന പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നതിനും  ഭക്തിയിലൂടെ സാധിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചു.

ലക്നൗ: പ്രാര്‍ത്ഥന ഫലിക്കാത്തത്തിന് അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ. ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം. തനിക്ക് ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയെന്ന ആഗ്രഹം സാധിക്കാതെ വന്നതോടെയാണ് യുവാവിന് നിയന്ത്രണം നഷ്ടമായത്.

27 വയസുകാരനായ ഛോട്ടു എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് ഇഷ്ടമുണ്ടായിരുന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ അനുവദിച്ചില്ല. പ്രാര്‍ത്ഥനയിലൂടെ ലഭിക്കുന്ന ദിവ്യ ശക്തിയിലൂടെ വീട്ടുകാരെ സ്വാധീനിക്കാന്‍ കഴിയുമെന്ന് വിശ്വസിച്ച ഇയാള്‍ ക്ഷേത്രത്തില്‍ പോയി പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. എല്ലാ ദിവസവും പ്രദേശത്തെ ശിവ ക്ഷേത്രത്തില്‍ ഛോട്ടു എത്തുമായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തന്റെ കുടുംബാംഗങ്ങളുടെ മനസ് മാറ്റാനും താന്‍ പറയുന്ന പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് സമ്മതിക്കുന്നതിനും ഭക്തിയിലൂടെ സാധിക്കുമെന്ന് ഇയാള്‍ വിശ്വസിച്ചു. ഒരു മാസം നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോള്‍ കുപിതനായ ഇയാള്‍ ക്ഷേത്രത്തില്‍ കയറി ശിവലിംഗം മോഷ്ടിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബര്‍ ഒന്നാം തീയ്യതി പുലര്‍ച്ചെയാണ് ഇയാള്‍ ശിവലിംഗം മോഷ്ടിച്ചതെന്ന് പ്രദേശത്തെ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഭിഷേക് കുമാര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തുടര്‍ന്ന് ശിവലിംഗം കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ക്ഷേത്രത്തില്‍ മോഷണം നടന്ന വിവരം മനസിലാക്കിയ നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. നാട്ടുകാരുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പൊലീസ് സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ സെപ്റ്റംബര്‍ മൂന്നാം തീയ്യതി ഛോട്ടുവിനെ കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പൊലീസ് നടത്തിയ തെരച്ചിലില്‍ കുറ്റിക്കാട്ടില്‍ നിന്ന് ശിവലിംഗം കണ്ടെത്തുകയും ചെയ്തു. ഇത് പിന്നീട് ക്ഷേത്രത്തില്‍ പുനഃസ്ഥാപിച്ചു. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

Read also: തിരുവോണത്തിന് ബിഎസ്എൻഎൽ ഓഫീസിൽ കയറി കേബിളടക്കം മോഷ്ടിച്ചു, ശേഷം ആക്രിക്കടയിൽ വിറ്റു, പ്രതിയെ പൊലീസ് പൊക്കി

തൃശൂരിൽ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി: കാണാതായത് ഒരേ സ്കൂളിലെ 2 പെണ്‍കുട്ടികളെയും ആൺകുട്ടിയെയും
തൃശൂര്‍: 
തൃശൂര്‍ കൂര്‍ക്കഞ്ചേരിയില്‍ മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ നെടുപുഴ പൊലീസ് കേസെടുത്തു. ഒമ്പതാം ക്ലാസുകാരായ ഒരു ആണ്‍കുട്ടിയെയും രണ്ട് പെണ്‍കുട്ടികളെയുമാണ് കാണാതായത്. ഇന്നലെ രാത്രി പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണം കാര്യക്ഷമല്ലെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

തൃശൂര്‍ കൂര്‍ക്കഞ്ചേരിയിലെ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ത്ഥികളെ കാണാനില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി. ഇന്നലെ സ്കൂളിലേക്ക് പോയ കുട്ടികള്‍ മടങ്ങിവന്നില്ല. വൈകുന്നേരമായിട്ടും കുട്ടികള്‍ വീട്ടില്‍ എത്താത്തതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ സ്കൂളിലെത്തുകയായിരുന്നു. അപ്പോഴാണ് മൂന്ന് കുട്ടികളെയും കാണാതായ വിവരം അറിഞ്ഞതെന്നും രക്ഷിതാക്കള്‍ പറയുന്നു. രാത്രിയോടെ രക്ഷിതാക്കള്‍ നെടുപുഴ പൊലീസില്‍ പരാതി നല്‍കി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്