ഭോപ്പാല്‍: ഭാര്യയെ പുനര്‍വിവാഹം ചെയ്ത ചടങ്ങില്‍ വെച്ച് ഭാര്യയുടെ ബന്ധുവായ യുവതിക്കും താലിചാര്‍ത്തി യുവാവ്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലെ ഗുഡവലിയിലാണ് സംഭവം. ഒരേ വേദിയില്‍ രണ്ടുപേരെ വിവാഹം ചെയ്യുന്ന യുവാവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

നവംബര്‍ 26നാണ് വിവാഹം നടന്നത്. ദിലിപ് എന്ന് വിളിക്കുന്ന ദീപു പരിഹാറാണ് ഒരേ സമയം വിനീത എന്ന യുവതിയെയും അവരുടെ ബന്ധുവായ  രച്നയെയും വിവാഹം ചെയ്തത്. എന്നാല്‍ തന്‍റെ ആദ്യഭാര്യയായ വിനീതയുടെ സമ്മതത്തോടെയാണ് രണ്ടാമതും വിവാഹം കഴിച്ചതെന്ന് 35കാരനായ ദീപു പരിഹാര്‍ പറഞ്ഞു. ഒമ്പത് വര്‍ഷം മുമ്പാണ് ദീപു പരിഹാര്‍ ഗ്രാമമുഖ്യയായ  വിനീതയെ വിവാഹം ചെയ്തത്. ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്.

ഇപ്പോള്‍ 28കാരിയായ വിനീതയ്ക്ക് അനാരോഗ്യം മൂലം മൂന്ന് കുട്ടികളെ നോക്കാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും തന്നോട് മറ്റൊരു വിവാഹം കഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും പരിഹാര്‍ പറഞ്ഞു. തുടര്‍ന്ന് വിനീതയെ പുനര്‍വിവാഹം ചെയ്യുകയും അതേ ചടങ്ങില്‍ വെച്ച് തന്നെ വിനീതയുടെ ബന്ധുവായ 22കാരി രച്നയ്ക്ക് പരിഹാര്‍ താലിചാര്‍ത്തുകയായിരുന്നു. ഹിന്ദു മാരേജ് ആക്ട് പ്രകാരം ദ്വിഭാര്യാത്വം അനുവദനീയമല്ലെങ്കിലും സംഭവവുമായി ബന്ധപ്പെട്ട് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് ഭിന്ദ് പൊലീസ് സൂപ്രണ്ട് അറിയിച്ചു.