Asianet News MalayalamAsianet News Malayalam

കൊവിഡ് 19: പ്രാഥമിക ഫലം നെ​ഗറ്റീവായതിനാൽ ഡിസ്ചാർജ് ചെയ്തു; പിന്നീട് പോസിറ്റീവ്; ഒരാളെ പൊലീസ് തിരയുന്നു

മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും നാലാമനെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ദില്ലി സ്വദേശിയാണ് നാലാമൻ.

man searching by police covid 19 positive
Author
Chennai, First Published Apr 9, 2020, 4:55 PM IST


ചെന്നൈ: കൊവിഡ് 19 പ്രാഥമിക പരിശോധനാ ഫലം നെ​ഗറ്റീവായതിനെ തുടർന്ന് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത വ്യക്തിയെ അന്വേഷിക്കുന്നതായി പൊലീസ്. തമിഴ്നാട്ടിലാണ് പ്രാഥമിക പരിശോധനാ ഫലത്തിൽ കൊവിഡ് നെ​ഗറ്റീവ് എന്ന് കാണിച്ചതിനെ തുടർന്ന് 4 പേരെ വിട്ടയച്ചത്. എന്നാൽ വിശദമായ പരിശോധനാ ഫലം വന്നപ്പോൾ ഇവർ രോ​ഗബാധിതരാണ്. മൂന്നു പേരെ കണ്ടെത്തി ആശുപത്രിയിൽ തിരികെ പ്രവേശിപ്പിച്ചെങ്കിലും നാലാമനെ കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. ദില്ലി സ്വദേശിയാണ് നാലാമൻ. വില്ലുപുരം സർക്കാർ ആശുപത്രിയിലാണ് സംഭവം. അധികൃതരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ചയാണ് ഇത്തരമൊരു സംഭവത്തിന് കാരണമെന്നും കൊവിഡ് 19 വ്യാപിക്കാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

തുടർച്ചയായ പരിശോധനകളിൽ വ്യത്യസ്തമായ ഫലം ലഭിച്ചത് മൂലമാണോ ഏതെങ്കിലും തരത്തിലുള്ള ക്ലറിക്കൽ പിശകുകളാണോ ഇത്തരമൊരു സംഭവത്തിന് പിന്നിലെന്നും അറിയില്ല. വില്ലുപുരം പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കാണാതായ വ്യക്തിയുടെ ഫോട്ടോ പൊലീസ് പരസ്യപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്. ചെന്നൈയിലെ ഒരു ആശുപത്രിയിൽ പരിശോധനാ ഫലം പുറത്തു വരുന്നതിന് മുമ്പ് മരണമടഞ്ഞ രോ​ഗിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയ സംഭവമുണ്ടായി. 

തമിഴ്നാട്ടിൽ 738 പേരാണ് കൊവിഡ് 19 ബാധിതരായിട്ടുള്ളത്. എട്ട് പേര്‌ മരിക്കുകയും 21 പേർ സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. രോ​ഗബാധിതരെന്ന് കണ്ടെത്തിയ ആകെയുള്ള വ്യക്തികളിൽ 679 പേരും ദില്ലിയിലെ നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയവരാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.  

Follow Us:
Download App:
  • android
  • ios