ഇറ്റലി: വിവാഹാഭ്യർത്ഥന നടത്താൻ എല്ലാവരും തെരഞ്ഞെടുക്കുന്നത് ഏറ്റവും മനോഹരമായ വസ്തുക്കളായിരിക്കും. അത് കാണുമ്പോൾ പങ്കാളി സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്നാണ് എല്ലാവരുടെയും ആ​ഗ്രഹം. എന്നാൽ‌ തന്നോട് വിവാഹാഭ്യർത്ഥന നടത്തിയ ആൾ‌ തന്ന മോതിരം കണ്ടപ്പോൾ നിർത്താതെ കരഞ്ഞു എന്നാണ് ഇറ്റലിയിൽ നിന്നുള്ള അന്നാ റോസ് എന്ന വനിതയുടെ വെളിപ്പെടുത്തൽ‌. ലോകത്തിലെ ഏറ്റവും വിരൂപമായ മോതിരം എന്നാണ് ഇവർ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. 

കണ്ണുകളുടെ ഭാ​ഗത്ത് വെള്ളി നിറമുള്ള മുഖംമൂടിയും ചുണ്ടുകളിൽ സ്വർണ്ണനിറവും പൂശിയ മുഖംമൂടിയുടെ മാതൃകയിലുളളതാണ് മോതിരം. ഫേസ്ബുക്ക് ​ഗ്രൂപ്പിൽ മോതിരത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത അന്ന അതിന് നൽകിയ തലക്കെട്ട് ഇപ്രകാരമായിരുന്നു. 'ദാറ്റ്സ് ഇറ്റ്. ആം റിം​ഗ് ഷെയിമിം​ഗ്.' നിരവധി പേരാണ് ഈ ഫോട്ടോയ്ക്ക് പ്രതികൂല പ്രതികരണവുമായി എത്തിയത്. 

അടുത്ത കാലത്ത് കണ്ടതിൽ വച്ചേറ്റവും വിരൂപമായ മോതിരമെന്നും ഇങ്ങനെയും മോതിരമുണ്ടോ എന്നൊക്കെയായിരുന്നു പലരുടെയും പ്രതികരണം. ''ഓപ്റ്റിക്കൽ ഇല്യൂഷനെന്ന് തെറ്റിദ്ധരിച്ച് ഞാൻ ഫോൺ നേരെയും തിരിച്ചും മറിച്ചും പിടിച്ചുനോക്കി. എങ്ങനെ നോക്കിയിട്ടും ഭീകരരൂപം പോലെ തോന്നി.'' ഒരാളുടെ മറുപടിക്കുറിപ്പ്. അയൺ മാനെപ്പോലെയുണ്ടെന്നും ഫാന്റത്തിന്റെ മുഖമാണെന്നും പറഞ്ഞവരുണ്ട്. ഈ മോതിരം ലഭിച്ച അന്നയെ ഓർക്കുമ്പോൾ കരച്ചിൽ വരുന്നു എന്നാണ് ഒരാളുടെ മറുപടി. 

ഒരാൾ പോലും മോതിരത്തെക്കുറിച്ച് നല്ലത് പറഞ്ഞില്ല. എന്തായാലും തനിക്ക് മോതിരം സമ്മാനിച്ച വ്യക്തിയോട് അന്ന റോസ് 'നോ' പറഞ്ഞില്ല, 'യേസ്' എന്ന് തന്നെ പറഞ്ഞു. മോതിരം വിരലിൽ ധരിക്കുകയും ചെയ്തു.