രാജസ്ഥാൻ: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം മുഴുവൻ അടച്ചിടൽ നേരിടുന്ന സാഹചര്യത്തിൽ തന്റെ സാമൂഹിക ഉത്തരവാദിത്വം കൃത്യമായി നിറവേറ്റി മാതൃകയാകുകയാണ് പതിനെട്ടുകാരനായ യുവാവ്. രാജസ്ഥാനിലെ ഉദയ്പൂരിലെ ഭിന്ദർ എന്ന ​ഗ്രാമത്തിലാണ് ഈശ്വർ ലാൽ റാവത്ത് എന്ന ചെറുപ്പക്കാരൻ വ്യത്യസ്തമായി ക്വാറന്റൈനിൽ കഴിയുന്നത്. വീടിന് സമീപത്തുള്ള വേപ്പ് മരമാണ് സ്വയം നിരീക്ഷണത്തിൽ കഴിയാൻ ഇയാൾ തെരഞ്ഞെടുത്തത്. വീടിനുള്ളിൽ‌ സാമൂഹിക അകലം പാലിച്ച് ഐസോലേഷനിൽ കഴിയാൻ ഇടമില്ല എന്നതാണ് കാരണം.

മറ്റൊരു സംസ്ഥാനത്ത് നിന്ന് വന്നത് കാരണം കുടുംബാം​ഗങ്ങളിൽ നിന്ന് അകലം പാലിച്ച് നിശ്ചിത ദിവസം കഴിച്ചു കൂട്ടാനാണ് ഇയാളുടെ തീരുമാനം. മഹാരാഷ്ട്ര, ​ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഇയാളുടെ രണ്ട് സഹോദരങ്ങൾ കൂടി തിരികെ എത്തിയിട്ടുണ്ട്. സൂറത്തിൽ നിന്നാണ് ഈശ്വർ എത്തിയത്. ഇവരോട് ക്വാറന്റൈനിൽ പ്രവേശിക്കാൻ ആരോ​ഗ്യ വകുപ്പ് ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടിരുന്നു. 

വീട് ചെറുതായതിനാൽ ഇവർക്ക് വീടിനുള്ളിൽ സാമൂഹിക അകലം പാലിച്ച് ക്വാറന്റൈനിൽ കഴിയുക സാധ്യമല്ല. സർക്കാരിന്റെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുമെന്നും കൊറോണ വൈറസ് ബാധയ്ക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയാകുമെന്നും ഈശ്വർ പറഞ്ഞു.  മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ​ഗ്രാമത്തിൽ തിരികെയെത്തിയവർക്ക് മാതൃകയായിരിക്കുകയാണ് ഈശ്വർ ലാൽ റാവത്ത്.