Asianet News MalayalamAsianet News Malayalam

ഇമെയിൽ 'തുറക്കാനായില്ല'; ജാമ്യം കിട്ടിയിട്ടും യുവാവ് 3 വർഷം കൂടി ജയിലിൽ, നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്.

Man Stays In Jail For 3 More Years As Authorities Fail To Open Bail Email in Gujarat SSM
Author
First Published Sep 27, 2023, 4:20 PM IST

ഗാന്ധിനഗര്‍: ജാമ്യം ലഭിച്ചിട്ടും മൂന്ന് വർഷം അധികമായി ജയിലില്‍ കഴിയേണ്ടിവന്ന പ്രതിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. ഗുജറാത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഈ തുക 14 ദിവസത്തിനകം തടവുകാരന് കൈമാറണമെന്ന് കോടതി വ്യക്തമാക്കി.

കൊലപാതക കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട 27 കാരനായ ചന്ദൻജി താക്കൂറിന്‍റെ ശിക്ഷ പിന്നീട് സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിച്ചിരുന്നു.  2020 സെപ്തംബർ 29 ന് ആയിരുന്നു ഇത്. പക്ഷെ 2023 വരെ ഇയാള്‍ക്ക് ജയിലില്‍ തന്നെ കഴിയേണ്ടി വന്നു. ഹൈക്കോടതി രജിസ്‌ട്രി അയച്ച ജാമ്യ ഉത്തരവ് തങ്ങൾക്ക് തുറക്കാൻ കഴിഞ്ഞില്ലെന്നാണ് ജയിൽ അധികൃതരുടെ വിശദീകരണം. 

ചന്ദൻജി താക്കൂര്‍ പുതിയ ജാമ്യാപേക്ഷ നൽകിയതോടെയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ജസ്റ്റിസുമാരായ എ എസ് സുപെഹിയ, ജസ്റ്റിസ് എം ആർ മെങ്‌ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് യുവാവിന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവിട്ടു.

അപേക്ഷകനെ ജാമ്യത്തില്‍ വിട്ടുകൊണ്ടുള്ള ഉത്തരവ് രജിസ്ട്രി ജയില്‍ അധികൃതരെ വ്യക്തമായി അറിയിച്ചിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ഇ മെയില്‍ ലഭിക്കാത്തതല്ല പ്രശ്നം. ഇ മെയില്‍  അറ്റാച്ച്മെന്‍റ് തുറക്കാൻ കഴിഞ്ഞില്ലെന്നും കോവിഡ് മഹാമാരി കാരണം തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.  ജില്ലാ സെഷൻസ് കോടതിയിലേക്കും ഇമെയിൽ അയച്ചെങ്കിലും പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഈ കേസ് കണ്ണ് തുറപ്പിക്കുന്നതാണെന്ന് കോടതി പറഞ്ഞു. കോടതി പുറപ്പെടുവിച്ച ഉത്തരവുമായി ബന്ധപ്പെട്ട് രജിസ്ട്രിയെയോ സെഷൻസ് കോടതിയെയോ ബന്ധപ്പെടാൻ ജയിൽ അധികൃതർ ശ്രദ്ധിക്കാത്തതിനാൽ മാത്രമാണ് അപേക്ഷകനെ മോചിപ്പിക്കാന്‍ കഴിയാതിരുന്നത്. നേരത്തെ സ്വതന്ത്രനാകേണ്ടിയിരുന്നിട്ടും ജയിലില്‍ കഴിയേണ്ടി വന്നയാള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വ്യക്തമാക്കി.

കേസിന്റെ ഗൗരവം കണക്കിലെടുത്ത്, ജാമ്യം ലഭിച്ചിട്ടും ഇതുവരെ മോചിപ്പിക്കപ്പെടാത്ത എല്ലാ തടവുകാരുടെയും വിവരങ്ങൾ ശേഖരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളോട് (ഡിഎൽഎസ്എ) ഗുജറാത്ത് ഹൈക്കോടതി നിര്‍ദേശിച്ചു

Follow Us:
Download App:
  • android
  • ios