റാഞ്ചി: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നയാളെന്ന് ആരോപിച്ച് ജാര്‍ഖണ്ഡില്‍ ഒരാളെ ആള്‍ക്കൂട്ടം ആക്രമിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് സംഭവം. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടി ഇയാളുടേത് തന്നെയായിരുന്നു. എന്നാല്‍ ഇയാള്‍ ഈ കുട്ടിയെ തട്ടിക്കൊണ്ടുപോന്നതാണെന്ന് തെറ്റിദ്ധരിച്ചാണ് ആളുകള്‍ ആക്രമിച്ചത്. 

ദില്ലിയടക്കമുള്ള സംസ്ഥാനങ്ങളില്‍ സമാനമായ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ വ്യാഴാഴ്ചയാണ് ഗെദിയ ഗ്രാമത്തിലെ പിന്തുലാല്‍ ബര്‍മന്‍ എന്നയാള്‍ തന്‍റെ ആറും 10ഉം വയസ്സുള്ള മക്കള്‍ക്കൊപ്പം ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു. ചെറിയ കുട്ടി പലഹാരത്തിനായി വാശിപിടിച്ച് ഉറക്കെ കരഞ്ഞപ്പോള്‍ ബെര്‍മന്‍ കുട്ടിയെ തല്ലി. ഇതുകണ്ട് പെട്ടന്ന് ഇവര്‍ക്കുചുറ്റും ആളുകള്‍ കൂടുകയും ഇയാള്‍ കുട്ടികളെ കടത്തുന്നയാളാണെന്ന് ആരോപിച്ച് കയ്യേറ്റം ചെയ്യുകയുമായിരുന്നു. 

ചിലര്‍ പൊലീസിനെ വിളിച്ചുവരുത്തി. ''എന്‍റെ ഭാര്യക്ക് കുറച്ചുദിവസമായി സുഖമില്ല. അതിനാല്‍ മക്കളെ രണ്ടുപേരെയും സഹോദരന്‍റെ വീട്ടിലാക്കാന്‍ പോകുകയായിരുന്നു ഞാന്‍. '' - ബെര്‍മന്‍ പറ‌ഞ്ഞു. പൊലീസ് സമയത്തെത്തിയതിനാല്‍ ബര്‍മനെ രക്ഷിക്കാനായി. തങ്ങളെത്തുമ്പോള്‍ ആള്‍ക്കൂട്ടത്തിന് നടുവിലായിരുന്നു ബെര്‍മന്‍ എന്ന് പൊലീസ് പറഞ്ഞു. കുട്ടികള്ർ ബെര്‍മന്‍റേത് തന്നെയാണെന്ന് പൊലീസ് വ്യക്തമാക്കി.