വിജയവാഡ: സബ്സിഡി നിരക്കില്‍ ഉള്ളി വില്‍ക്കുന്ന കേന്ദ്രത്തില്‍ ക്യൂ നില്‍ക്കുന്നതിനിടെ മധ്യവയസ്കന്‍ കുഴഞ്ഞുവീണ് മരിച്ചു. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ റയ്തു ബസാറിലാണ് സംഭവം. 55കാരനായ സംബയ്യയാണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. 

ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ ഉള്ളിവില കിലോയ്ക്ക് 180 രൂപയിലെത്തി നില്‍ക്കുമ്പോള്‍ 25 രൂപയ്ക്കാണ് റയ്തു ബസാറില്‍ ഉള്ളി വില്‍ക്കുന്നത്. ആധാര്‍ കാര്‍ഡുമായി എത്തുന്നവര്‍ക്ക് 25 രൂപയ്ക്ക് ഒരു കിലോ ഉള്ളി ലഭിക്കും. ഇതറിഞ്ഞ് നിരവധി പേരാണ് ബസാറിലേക്ക് എത്തിയത്. ആളുകളുടെ നീണ്ട നിരയില്‍ നില്‍ക്കുന്നതിനിടെ സംബയ്യ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.