ദില്ലി: ദില്ലിയിൽ നിന്നും മധ്യപ്രദേശിലെ വീട്ടിലേക്ക് കാൽനടയായി യാത്ര ചെയ്ത യുവാവ് യാത്രാമധ്യേ ഹൃദയാഘാതം മൂലം മരിച്ചു. ദില്ലിയിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന മധ്യപ്രദേശ് സ്വദേശിയായ റൺവീർ സിം​ഗാണ് മരിച്ചത്. രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് കാൽനടയായി സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ച ആയിരക്കണക്കിന് തൊഴിലാളികളിൽ ഒരുവനായിരുന്നു റൺവീർ സിം​ഗും. കൊവി‍ഡ് 19 വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ട്രെയിൻ, ബസ് ഉൾപ്പെടെയുള്ള എല്ലാ ​ഗതാ​ഗതസംവിധാനങ്ങളും നിർത്തിവച്ചിരിക്കുകയാണ്. ദില്ലിയിൽ നിന്നും 326 കിലോമീറ്റർ ദൂരം മധ്യപ്രദേശിലെ മൊറീന ജില്ലയിലാണ് റൺവീർ സിം​ഗിന്റെ വീട്.

ഉത്തർപ്രദേശിലെ ആ​ഗ്രയിലെത്തിയപ്പോൾ അവിടത്തെ ഒരു പ്രാദേശിക കടക്കാരൻ ഇയാൾക്ക് ചായയും ബിസ്കറ്റും നൽകി. അവിടെ വച്ച് ഹൃദയാഘാതം വന്ന് ഇയാൾ മരിച്ചു. തന്റെ ​ഗ്രാമത്തിൽ നിന്നും 80 കിലോമീറ്റർ ദൂരത്താണ് ഇയാൾ മരിച്ചുവീണത്. ശനിയാഴ്ച വൈകുന്നേരം ആയിരക്കണക്കിന് തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകണമെന്ന ആവശ്യമുന്നയിച്ച് ദില്ലിയിലെ ബസ് ടെർമിനലിൽ തടിച്ചു കൂടിയിരുന്നു. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ തൊഴിൽ ചെയ്ത് ജീവിക്കുന്നവർക്ക് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോകാൻ ആയിരം ബസ്സുകളാണ് ഉത്തർപ്രദേശ് സർക്കാർ ഏർപ്പാടാക്കി. രാജ്യത്ത് ദൈനംദിന തൊഴിൽചെയ്ത് ജീവിക്കുന്ന സാധാരണക്കാർ ലോക്ക് ‍ഡൗണിനെ തുടർന്ന് വൻ ആശങ്കയിലാണ്.